1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2021

സ്വന്തം ലേഖകൻ: കൊമേഴ്ഷ്യൽ വിസിറ്റ് വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റാന്‍ അനുമതി. വിസിറ്റ് വിസയില്‍ എത്തിയവര്‍ കുവൈത്തില്‍ തന്നെ ആയിരിക്കുമ്പോഴാണ് ഈ സൗകര്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അഹ്മദ് അല്‍ മൂസ സര്‍ക്കുലര്‍ ഇറക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് കൊമേഴ്ഷ്യൽ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് അത് തൊഴില്‍ വിസയാക്കി മാറ്റാന്‍ അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് കൊറോണ എമര്‍ജന്‍സികള്‍ക്കായുള്ള മിനിസ്റ്റീരിയല്‍ കമ്മിറ്റിയുടെ അനുമതി വേണം. രാജ്യത്തെ തൊഴില്‍ കമ്പോളത്തിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള വഴിയെന്ന രീതിയിലാണ് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് രാജ്യത്ത് വച്ചു തന്നെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുമതി നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഏതെങ്കിലും രീതിയിലുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തിലെത്തുന്നവര്‍ക്ക് ബന്ധപ്പെട്ട കുവൈത്ത് എംബസികളില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ ലഭിക്കുന്നതാണ് കൊമേഴ്ഷ്യൽ വിസിറ്റ് വിസ. ബിസിനസ് വിസിറ്റര്‍ വിസ എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. ജിസിസി രാജ്യങ്ങള്‍ക്കു പുറത്തുള്ളവര്‍ക്കാണ് ഈ വിസ ആവശ്യമുള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പതിനായിരക്കണക്കിന് പ്രവാസികള്‍ കുവൈത്തില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.

വിസ കാലാവധി കഴിഞ്ഞത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അവര്‍ക്ക് കുവൈത്തിലേക്ക് തിരികെയെത്താന്‍ സാധിച്ചിരുന്നില്ല. ഇത് തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിസ മാറ്റത്തിനുള്ള അനുമതിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. 2021 ആദ്യ പകുതിയില്‍ മാത്രം 56,300 പ്രവാസികള്‍ കുവൈത്ത് വിട്ടതായാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.