![](https://www.nrimalayalee.com/wp-content/uploads/2020/08/Kuwait-readies-to-expel-370000-foreign-workers.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജനസംഖ്യയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ പെര്‍മിറ്റിനുള്ള ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന. വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് അഞ്ചിരട്ടി വരെ വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം തീരുമാനം കൈക്കൊണ്ടത്.
തൊഴില്‍ വിസ ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പഠിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മാന്‍ പവര്‍ അതോറിറ്റിക്ക് കീഴില്‍ പ്രത്യേക കമ്മിറ്റിക്ക് ഇതിനകം രൂപം നല്‍കിക്കഴിഞ്ഞു. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് വിശദമായ പഠനത്തിന് സമിതിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വിഭാഗം തൊഴില്‍ പെര്‍മിറ്റുകള്‍ക്കും അഞ്ചിരട്ടി വരെ നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചന. ഇത് പ്രവാസി ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ തിരിച്ചടിയാവും.
വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയാന്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം പൊളിച്ചെഴുതുന്നത് സംബന്ധിച്ചും കമ്മിറ്റി പഠനം നടത്തും. 2022 അവസാനത്തോടെ ഇത് നടപ്പില്‍ വരുത്താനാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. ഓരോ തൊഴില്‍ മേഖലയിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അനുപാതം നിശ്ചയിക്കാനും സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. സ്വദേശിവല്‍ക്കരണം അഞ്ച് ശതമാനത്തില്‍ ആരംഭിച്ചു ക്രമേണ 20 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല