സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പുതിയ നിയമ പരിഷ്‌ക്കരണവുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍. കുവൈത്തില്‍ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ അവരുടെ വിരലടയാളം നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമ ഭേദഗതി. മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ തീരുമാനം അനുസരിച്ച് തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണം. എങ്കില്‍ മാത്രമേ തൊഴിലുടമയ്ക്ക് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ കഴിയുകയുള്ളൂ എന്ന് അതോറിറ്റി അധികൃതര്‍ അറിയിച്ചു.
സ്വകാര്യമേഖലയിലെയും ഗാര്‍ഹിക മേഖലയിലെയും തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പുവരുത്തുകയാണ് പുതിയ നിര്‍ദേശത്തിലൂടെ മാന്‍പവര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കപ്പെടുന്നതിന് മുമ്പായി തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട മുഴുവന്‍ സാമ്പത്തിക ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയോ മറ്റോ ഉണ്ടെങ്കിലും അവയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഒപ്പിന് പകരം വിരലടയാളം നിര്‍ബന്ധമാക്കിയതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു എന്ന് ഉറപ്പാക്കിയ ശേഷമേ തൊഴില്‍ കരാര്‍ റദ്ദാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
ആനുകൂല്യങ്ങള്‍ നല്‍കാതെ തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റിക്കു കീഴിലെ ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റിന് നിരവധി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് വിരലടയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്. തങ്ങള്‍ക്കു ലഭിക്കുന്ന പരാതികളില്‍ സത്വര നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി ഒരു തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് നിലവിലെ തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ടെന്നും അതോറിറ്റി അറിയിച്ചു. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോം അഞ്ച് ഭാഷകളില്‍ മാന്‍പവര്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. തൊഴില്‍ സംബന്ധിയായ ദൈനംദിന പരാതികള്‍ സ്വീകരിക്കുന്നതിനും തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുമ്പുള്ള പ്രത്യേക സംവിധാനം പബ്ലിക് അതോറിറ്റിയുടെ ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യുന്നതിനായി അതോറിറ്റിക്കു കീഴിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചെടുത്തതായും അത് പരിശോധനാ വകുപ്പിന്‍റെ പരിഗണനയിലാണെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.
ഇത് പ്രവര്‍ത്തനക്ഷമമാവുന്ന മുറയ്ക്ക് തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിത്തീരുന്നതാണ് മാന്‍ പവര്‍ അതോറിറ്റിയുടെ രണ്ട് തീരുമാനങ്ങളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല