1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2021

സ്വന്തം ലേഖകൻ: കുവൈത്ത് പൂര്‍ണമായി കോവിഡ് വൈറസ് മുക്തമാകുന്നു. കോവിഡ് ചികില്‍സയ്ക്കായി മിശ്രിഫില്‍ പ്രത്യകം സ്ഥാപിച്ച ഫീല്‍ഡ് ആശുപത്രിയിലെ അവസാന രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. നാലു മാസത്തെ ചികില്‍സയ്ക്കു ശേഷമാണ് അവസാന രോഗി രോഗമുക്തി നേടിയത്. രോഗം ഭേദമായി ആശുപത്രി വിടുന്ന അദ്ദേഹത്തിന് ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

“ദൈവത്തിന് സ്തുതി, അവസാന രോഗിയും രോഗം സുഖപ്പെട്ട് ആശുപത്രി വിട്ടിരിക്കുന്നു,“ ഫീഡ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫൗസി അല്‍ കുവാരി പറഞ്ഞു. കോവിഡിനെതിരേ ശക്തമായ കോട്ടയായി പ്രവര്‍ത്തിച്ച ആശുപത്രി സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലോകത്താദ്യമായി കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നായ കുവൈത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കോവിഡ് ഫീല്‍ഡ് ആശുപത്രി മിശ്രിഫില്‍ സ്ഥാപിച്ചത്. 40 ഐസിയു ബെഡുകള്‍ ഉള്‍പ്പെടെ 250ഓളം പേരെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിരുന്നു. അതോടൊപ്പം ഫാര്‍മസിയും മറ്റ് പരിശോധനാ ലാബുകളും ഇവിടെ സ്ഥാപിച്ചിരുന്നു. രാജ്യത്തിലെ മറ്റ് ആശുപത്രികളിലും നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണ്.

ശക്തമായ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം 25 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനകം രാജ്യത്ത് 412,793 പേര്‍ക്ക് രോഗ ബാധയുണ്ടായതില്‍ 410,021 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

2,462 പേരാണ് ഇതിനകം കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13 പേര്‍ മാത്രമാണ് കോവിഡ് ചികില്‍സയ്ക്കായി ആശുപത്രിയില്‍ കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇവരില്‍ അഞ്ചു പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ കോവിഡ് നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ ക്യാംപയിനിലുണ്ടായ പുരോഗതിയുമാണ് വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം കുവൈത്ത് നല്‍കിവരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.