സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈത്ത് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ ജോലികള്‍ക്കു പുറമെ സ്വകാര്യ മേഖലയിലെ ജോലികളില്‍ കൂടി കുവൈത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂടുതല്‍ നടപടികളുമായി അതോറിറ്റി മുന്നോട്ടുപോവുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാനും ഭാവി ബജറ്റില്‍ ശമ്പള ഇനത്തില്‍ അനുവദിക്കുന്ന തുകയുടെ നിരക്ക് കുറച്ച് ബജറ്റ് കമ്മി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്വദേശിവല്‍ക്കരണ നിരക്കുകള്‍ അനുസരിച്ച് കുവൈത്ത് പൗരന്‍മാരെ ജോലികളില്‍ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പിഴ 100 കുവൈത്ത് ദിനാറില്‍ നിന്ന് 300 ദിനാറായി വര്‍ധിപ്പിക്കും. ഇതിനു പുറമെ, ചില മേഖലകളില്‍, പ്രത്യേകിച്ച് എണ്ണ മേഖലകളില്‍ സ്വദേശിവല്‍ക്കരണ നിരക്ക് 50 ശതമാനമായും മറ്റ് മേഖലകളില്‍ 30 ശതമാനവുമാക്കി വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ന്യായീകരണമില്ലാതെ ദേശീയ തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരായ നടപടികളും ശക്തമാക്കും. ഈ കമ്പനികളുടെ ഫയലുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നത് പോലുള്ള കര്‍ശനമായ നടപടികള്‍ ചുമത്തണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നതായി വൃത്തങ്ങള്‍ വിശദീകരിച്ചു. പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ തമ്മിലുള്ള ശമ്പളം ഉള്‍പ്പെടെയുള്ള തൊഴില്‍ ആനുകൂല്യങ്ങളിലെ അസമത്വം പരിഹരിക്കാനും റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു. സ്വദേശികള്‍ക്കിടയില്‍ സര്‍ക്കാര്‍ ജോലിയോടുള്ള ആഭിമുഖ്യവും സ്വകാര്യ മേഖലാ ജോലികളോടുള്ള വൈമുഖ്യവും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. കുവൈത്ത് പൗരന്‍മാരെ സ്വകാര്യ മേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് പകരം ഈ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സമീപനങ്ങള്‍ സ്വീകരിച്ച് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ മേഖലയിലെ കുവൈത്ത് തൊഴിലാളികളുടെ എണ്ണം 2023 അവസാനത്തോടെ 3,97,500 ആയിരുന്നുവെങ്കില്‍, ഈ വര്‍ഷം പകുതിയോടെ ഏകദേശം 4,04,900 ആയി ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല