സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 60 മില്യന്‍ ഒമാനി റിയാലിന്റെ സാമ്പത്തിക ഇളവുകളും ഒത്തുതീര്‍പ്പുകളും ഉള്‍പ്പെടുന്ന പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം.
ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇളവുകളും റദ്ദാക്കലുമാണ് പാക്കേജിലുള്ളത്. പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരു പോലെ പ്രയോജനകരമാണ് പുതിയ തീരുമാനങ്ങള്‍.
സാമ്പത്തിക പാക്കേജിലെ തീരുമാനങ്ങൾ
ഏഴ് വര്‍ഷത്തേക്ക് പ്രാബല്യത്തിലുള്ള, കാലഹരണപ്പെട്ട ലേബര്‍ കാര്‍ഡ് ഉടമകൾ തൊഴില്‍ മന്ത്രാലയത്തിന് നൽകാനുള്ള എല്ലാ പിഴത്തുകകളും സാമ്പത്തിക കുടിശികകളും റദ്ദാക്കും.
2017 ലേയും അതിനു മുൻപുള്ള വർഷങ്ങളിലും വരുത്തിയിട്ടുള്ള സാമ്പത്തിക കുടിശികകള്‍ അടയ്ക്കുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കും. നാടുകടത്തപ്പെട്ട തൊഴിലാളികളുടെ ടിക്കറ്റ് തുക ഉള്‍പ്പെടെയാണിത്.
10 വര്‍ഷത്തെ പ്രാബല്യമുള്ള ലേബര്‍ കാര്‍ഡുകളും റദ്ദാക്കും. ഇക്കാലയളവില്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാതിരുന്ന ഉടമകളുടെ കാര്‍ഡുകളാണ് റദ്ദാക്കുന്നത്. അതേസമയം പുതുക്കല്‍, തൊഴിലാളിയുടെ മടക്കം, സേവന ട്രാന്‍സ്ഫര്‍, ഒളിച്ചോടിയ തൊഴിലാളിയുടെ റിപ്പോർട്ട് റജിസ്റ്റര്‍ ചെയ്യല്‍ എന്നീ കാര്യങ്ങള്‍ക്കായി കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ അനുവദിക്കുമെന്ന പ്രത്യേക വ്യവസ്ഥയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ബിസിനസ് അവസാനിപ്പിച്ച (ലിക്വിഡേറ്റ് ചെയ്ത) കമ്പനികളിലെ തൊഴിലാളികളെ നാടുകടത്തുകയോ അല്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍ അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളും.
ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പിഴത്തുകകളില്‍ നിന്ന് തൊഴിലാളികളെയും തൊഴിലുടമകളെയും ഒഴിവാക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി ഫെബ്രുവരി 1 മുതല്‍ 6 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലേബര്‍ കാര്‍ഡ് പുതുക്കല്‍, അടുത്ത 2 വര്‍ഷത്തേക്ക് പുതുക്കല്‍ തുക മുഴുവനായും അടയ്ക്കല്‍, തൊഴിലാളി ജോലി ഉപേക്ഷിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കല്‍, തൊഴിലാളിയുടെ സേവനങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യല്‍, തൊഴിലാളിയുടെ സെറ്റില്‍മെന്റ് സമയത്ത് നാട്ടിലേക്കുള്ള ടിക്കറ്റ് തുക തൊഴിലാളിയോ അല്ലെങ്കില്‍ തൊഴിലുടമയോ അടയ്ക്കുക എന്നീ സാഹചര്യങ്ങളിലാണ് ലേബര്‍ കാര്‍ഡ് സംബന്ധിച്ച പിഴത്തുക ഒഴിവാക്കുന്നത്.
പിഴത്തുക ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ജുലൈ 31 വരെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ സേവന കേന്ദ്രങ്ങള്‍ മുഖേന നല്‍കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല