സ്വന്തം ലേഖകന്‍: കുവൈറ്റില്‍ ജോലി ചെയ്യുന്ന അവിവാഹിതരായ പ്രവാസികള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ലേബര്‍ സിറ്റി പദ്ധതി വരുന്നു. ആറ് ഗവര്‍ണറേറ്റുകളിലായി 2,20,000 പേര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കുമെന്ന് മുനിസിപ്പല്‍ മന്ത്രി ഹുസാം അല്‍ റൂമി അറിയിച്ചു. ദക്ഷിണ ജഹ്‌റയിലാണ് ആദ്യത്തെ ലേബര്‍ സിറ്റി നിര്‍മിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള അതിന്റെ നിര്‍മാണം 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
സാബിയയില്‍ 246.5 ഹെക്ടര്‍ പ്രദേശത്ത് പണിയുന്ന ലേബര്‍ സിറ്റിയില്‍ 40000 പേര്‍ക്ക് പാര്‍പ്പിടം ഒരുക്കും. ജഹ്‌റ സാല്‍മി റോഡില്‍ 101.5 ഹെക്ടറില്‍ പണിയുന്ന സിറ്റിയില്‍ 20000 പേര്‍ക്കാകും താമസ സൗകര്യം. കബദില്‍ സുലൈബിയ പ്രദേശത്ത് 246.5 ഹെക്ടറില്‍ 40000 പേര്‍ക്ക് താമസ സൗകര്യമുള്ള സിറ്റിയാകും പണിയുക. അഹമ്മദി ഗവര്‍ണറേറ്റില്‍ അരിഫ്ജാന് സമീപം 246.5 ഹെക്ടറില്‍ പണിയുന്ന നഗരത്തില്‍ 40000 പേര്‍ക്ക് താമസ സൗകര്യമുണ്ടാകും.
കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ അവിവാഹിതരുടെ താമസം പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ വിഭാഗത്തിന് പ്രത്യേക പാര്‍പ്പിട മേഖല എന്ന ആശയം ഉടലെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഓരോ ലേബര്‍ സിറ്റിയും വ്യത്യസ്ത ഡിവിഷനുകളായി വേര്‍തിരിച്ചായിരിക്കും നിര്‍മിക്കുക. ഒരു ഡിവിഷനില്‍ പരമാവധി 5000 പേര്‍ക്കായിരിക്കും താമസ സൗകര്യം.
വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും സൗകര്യപ്രദമായ റോഡ് സംവിധാനം, സര്‍ക്കുലര്‍ റോഡ്, സുരക്ഷാ വാഹനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും പ്രത്യേക റോഡ്, ഹരിതവത്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം സജ്ജീകരിക്കും. ഓരോ സിറ്റിയുടെയും 12 ശതമാനം പ്രദേശത്ത് മരം വച്ചു പിടിപ്പിക്കും. കളിസ്ഥലവും സേവന കേന്ദ്രങ്ങളും ഉണ്ടാകും. ആരാധനാലയം, പെട്രോള്‍ സ്റ്റേഷന്‍, ബാങ്ക്, ബേക്കറി, മില്‍, ആരോഗ്യകേന്ദ്രം, റസ്റ്ററന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയും ഓരോ ലേബര്‍ സിറ്റിയോട് അനുബന്ധിച്ചുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല