1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2024

സ്വന്തം ലേഖകൻ: പ്രസവാവധി 10ല്‍ നിന്ന് 12 ആഴ്ചയായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ തൊഴില്‍ നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി വിഷന്‍ 2030ന് അനുസൃതമായി കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പുതിയ തൊഴില്‍ പരിഷ്‌ക്കാരമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴില്‍ നിയമത്തിലെ 38 ആര്‍ട്ടിക്കിളുകള്‍ പരിഷ്‌കരിക്കുകയും ഏഴെണ്ണം ഒഴിവാക്കുകയും അന്താരാഷ്ട്ര തൊഴില്‍ നിലവാരവുമായി പൊരുത്തപ്പെടുന്ന രണ്ട് പുതിയ ആര്‍ട്ടിക്കിളുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നതാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു. ഈ മാറ്റങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വരും.

തൊഴില്‍ നിയമത്തിലെ പ്രധാന ഭേദഗതികള്‍ ഇവയാണ്

തൊഴിലില്‍ അവസര സമത്വത്തെ അസാധുവാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികള്‍ തൊഴിലുടമകള്‍ ഒഴിവാക്കണം.

ജീവനക്കാരന്‍റെ സഹോദരനോ സഹോദരിയോ മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.

പരിശീലന കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ ട്രെയിനികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന വ്യവസ്ഥകള്‍ അതില്‍ ഉള്‍പ്പെടുത്തണം.

ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയായി ഉയര്‍ത്തും.
ഓവര്‍ടൈം വേതനത്തിന് പകരം ശമ്പളത്തോടുകൂടിയ അവധി നല്‍കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

സൗദി ഇതര തൊഴിലാളികളുടെ തൊഴില്‍ കരാറില്‍ അതിന്‍റെ കാലാവധി വ്യക്തമാക്കാത്ത കേസുകളില്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കും.

തൊഴില്‍ കരാറുകളിലെ ട്രയല്‍ കാലയളവ് മൊത്തത്തില്‍ 180 ദിവസത്തില്‍ കൂടരുത്.

‘രാജി’, ‘അസൈന്‍മെന്‍റ്’ എന്നിവ നിര്‍വചിക്കുകയും രാജിയുടെ നടപടിക്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു.

പാപ്പരത്വ നടപടികളുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു.
അനിശ്ചിതകാല തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അറിയിപ്പ് കാലയളവ് പരിഷ്‌കരിച്ചു.

തൊഴിലാളിയാണ് അവസാനിപ്പിക്കുന്നതെങ്കില്‍ 30 ദിവസമായും തൊഴിലുടമയാണെങ്കില്‍ 60 ദിവസവുമായിരിക്കും കാലാവധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.