സ്വന്തം ലേഖകൻ: തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യയിലെ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ വലിയൊരു സമൂഹം താമസിക്കുന്ന സൗദി അറേബ്യയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്ന രീതിയിലുള്ള തൊഴില്‍ നിയമങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതു പ്രകാരം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവാഹം, ബന്ധുക്കളുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേക അവധി അനുവദിക്കണം.
മക്കയിലും പരിസരത്തും താമസിക്കുന്ന ജീവനക്കാര്‍ക്ക് ഒരിക്കല്‍ വാര്‍ഷിക ഹജ്ജ് തീര്‍ഥാടനം നടത്തുന്നതിന് മുസ്ലീം ഈദ് അല്‍ അദ്ഹ അവധി ഉള്‍പ്പെടെ 10 ദിവസത്തില്‍ കുറയാത്തതും പരമാവധി 15 ദിവസത്തെയും ശമ്പളത്തോടെയുള്ള അവധി ലഭിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ടെന്നും സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നു. നിര്‍ബന്ധിത ഇസ്ലാമിക കര്‍ത്തവ്യമായ ഹജ്ജ് നേരത്തേ നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഹജ്ജ് ലീവ് ലഭിക്കുന്നതിന്, തൊഴിലാളി ഒരേ തൊഴിലുടമയ്ക്ക് വേണ്ടി തുടര്‍ച്ചയായി രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്യണം, ജോലിയുടെ ആവശ്യകത അനുസരിച്ച് ഓരോ വര്‍ഷം ഹജ്ജ് അവധി എത്ര തൊഴിലാളികള്‍ക്ക് അനുവദിക്കാം എന്ന കാര്യത്തല്‍ ജോലിയുടെ ആവശ്യകത പരിഗണിച്ച് തൊഴിലുടമയ്ക്ക് തീരുമാനം എടുക്കാം.
അതേപോലെ, സൗദി അറേബ്യയിലെ ഒരു തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അവകാശമുണ്ടെന്ന് രാജ്യത്തിന്‍റെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെ ജീവിതപങ്കാളിയോ മാതാപിതാക്കളോ മക്കളോ പേരക്കുട്ടികളോ മരണപ്പെട്ടാല്‍ പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധി ലഭിക്കും. സൗദി തൊഴില്‍ നിയമപ്രകാരം, കൂടാതെ, സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 113, തൊഴിലാളിക്ക് അവന്‍റെ/അവളുടെ വിവാഹശേഷം അഞ്ച് ദിവസത്തേക്ക് പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധി ലഭിക്കാന്‍ അവകാശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല