1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും എൻഎച്ച്എസിൽ ചികിൽസയ്ക്കായുള്ള കാത്തിരിപ്പു കാലാവധിയും സമയവും കുറയ്ക്കാനും സത്വര നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. ഇവ ഉൾപ്പെടെ അഞ്ചു വർഷത്തിനുള്ളിൽ ലേബർ ഭരണത്തിന്റെ നാഴികക്കല്ലുകളാകുന്ന ആറ് സുപ്രധാന കാര്യങ്ങളാണ് പ്രധാനമന്ത്രി ഇന്നലെ ബക്കിങ്ങാംഷെയറിലെ പൈൻവുഡ് സ്റ്റുഡിയോയിൽ നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചത്.

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്ന സുസ്ഥിരമായ സാമ്പത്തിക വളർച്ചയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്ന സുപ്രധാന നാഴികക്കല്ല്. സാമ്പത്തിക വളർച്ചയിൽ ജി-7 രാജ്യങ്ങളിൽ തന്നെ ഒന്നാം സ്ഥാനത്ത് എത്തുക എന്നതാണ് ലക്ഷ്യം. ഇംഗ്ലണ്ടിൽ 15 ലക്ഷം പുതിയ വീടുകളും ഇവയ്ക്കൊപ്പം 150 സുപ്രധാനമായ അടിസ്ഥാന വികസന പദ്ധതികളുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്ന രണ്ടാമത്തെ ഭരണ നേട്ടം.

സർജറികൾക്കും വിദഗ്ധ ചികിൽസയ്ക്കുമായുള്ള രോഗികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് പരിഹാരം ഉണ്ടാക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം. 92 ശതമാനം രോഗികൾക്കും 18 ആഴ്ചയ്ക്കുള്ളിൽ ആവശ്യമായ ചികിൽസ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം അടിയന്തര ചികിത്സയ്ക്കായുള്ള മണിക്കൂറുകൾ നീളുന്ന എ ആൻഡ് ഇയിലെ വെയിറ്റിങ് സമയം കുറയ്ക്കുകയും സർക്കാർ ലക്ഷ്യമാണ്.

13,000 പേരെ പുതുതായി പൊലീസ് സേനയിലേക്ക് നിയമിക്കും. കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫിസർമാർ, സ്പെഷൽ കോൺസ്റ്റബിൾമാർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരെയാകും നിയമിക്കുക. ഓരോ ലോക്കൽ ലിവിങ് ഏരിയയ്ക്കും ഒരു പൊലീസ് ഓഫിസർ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഏൽപിക്കത്തക്ക വിധമമാകും പൊലീസ് സേനയുടെ വിന്യാസം. 2030ൽ 95 ശതമാനം ഊർജ സ്രോതസുകളും മലിനീകരണ വിമുക്തമാക്കുക എന്നതാണ് സർക്കാരിന്റെ മറ്റൊരു പ്രഖ്യാപിത ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.