1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2024

സ്വന്തം ലേഖകൻ: ഋഷി സുനകിന്റെയും ടോറികളുടെയും സ്വപ്നങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണിയും അടിച്ചുകൊണ്ട് ഏറ്റവും പുതിയ സര്‍വ്വേഫലം. ലേബര്‍ പാര്‍ട്ടി 500 ഓളം സീറ്റുകളില്‍ വിജയിക്കും എന്നാണ് സര്‍വ്വെ പറയുന്നത്. വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ മെഗ സര്‍വ്വേയില്‍ 10,000 ല്‍ അധികം ആളുകളായിരുന്നു പങ്കെടുത്തത്. 476 നും 493 നും ഇടയില്‍ സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടും എന്നാണ് സര്‍വ്വേഫലം പറയുന്നത്.

ഇലക്ടറല്‍ കാല്‍ക്കുലസും, ഫൈന്‍ഡ് ഔട്ട് നൗ ഉം ചേര്‍ന്ന് നടത്തിയ സര്‍വ്വേ ഫലം ഡെയ്ലി മെയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, അപഹാസ്യമാം വിധം ചെറിയ ന്യൂനപക്ഷമായി മാറുമെന്നും സര്‍വ്വേഫലം പറയുന്നു. 66 മുതല്‍ 72 സീറ്റുകള്‍ വരെയാണ് ടോറികള്‍ക്ക് നേടാനാവുക. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാഴ്ച വയ്ക്കുക. ലേബര്‍ പാര്‍ട്ടിക്ക് 300 ല്‍ അധികം സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കും.

1997 – സര്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 419 സീറ്റുകള്‍ നേടിയിരുന്നു. അതിനെയും കവച്ചുവയ്ക്കുന്ന ഫലമായിരിക്കും ഇത്തവണ. മാത്രമല്ല, ആധുനിക പാര്‍ലമെന്റ് ചരിത്രത്തില്‍, ഏതൊരു പാര്‍ട്ടിയും നേടിയ വിജയത്തേക്കാള്‍ മെച്ചപ്പെട്ട വിജയമാണ് ഇത്തവണ ലേബര്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നതെന്നും സര്‍വ്വേ പറയുന്നു. ഇത് ഒരു യാഥാര്‍ത്ഥ്യമായി മാറുകയാണെങ്കില്‍, അടുത്ത പത്ത് വര്‍ഷത്തേക്ക് ലേബര്‍ പാര്‍ട്ടിയായിരിക്കും ബ്രിട്ടന്‍ ഭരിക്കുക. ഇത്രയധികം ഭൂരിപക്ഷം നേടിയ ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം കിട്ടാതെ വന്നിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍, പരാജയപ്പെടുന്നവരില്‍ പതിനെട്ട് ക്യാബിനറ്റ് മന്ത്രിമാരും ഉണ്ടാകും എന്നാണ് പ്രവചനം. ഉപ പ്രധാനമന്ത്രി ഒലിവര്‍ ഡൗഡെന്‍, ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവര്‍ പരാജയത്തിന്റെ കയ്പ്പ് നീര്‍ കുടിക്കും. ഇടതുപക്ഷ വോട്ടര്‍മാരുടെ ശക്തികേന്ദ്രമായ ‘റെഡ് വാള്‍’ മേഖലയിലും, മിഡ്‌ലാന്‍ഡ്‌സിലും വടക്കന്‍ ഇംഗ്ലണ്ടിലും ലേബര്‍ പാര്‍ട്ടിയും റിഫോം യു കെയും ടോറികളെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളുമ്പോള്‍, കണ്‍സര്‍വേറ്റീവ് ശക്തികേന്ദ്രമായ ‘ബ്ലൂ വാള്‍’ മേഖലയില്‍ ലിബറല്‍ ഡെമോക്രാറ്റുകളായിരിക്കും ടോറികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്ന് വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു.

റീഫോം പാര്‍ട്ടി സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേഫലം കാണിക്കുന്നില്ലെങ്കിലും, 12 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് കാണിക്കുന്നത്. വലതു ചായ്വുള്ള വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ഇതുകൊണ്ട് സാധിക്കും. അത് പരോക്ഷമായി ലേബര്‍ പാര്‍ട്ടിയെ സാഹായിക്കുകയും ചെയ്യും. അതേസമയം 10 ശതമാനം വരെ വോട്ട് നേടാന്‍ സാധ്യതയുള്ള ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 39 മുതല്‍ 59 സീറ്റുകള്‍ വരെ നേടാനായേക്കും എന്നാണ് സര്‍വ്വേഫലം പറയുന്നത്. റീഫോം പാര്‍ട്ടിയുടേതിന് വിരുദ്ധമായി ലിബറല്‍ ഡെമോക്രാറ്റുകളുടെ വോട്ടുകള്‍ രാജ്യത്താകെയായി വ്യാപിച്ചു കിടക്കാതെ ചില കേന്ദ്രങ്ങളിലായി ഒതുങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.