സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വേതന സംരക്ഷണ വ്യവസ്ഥകൾ പുതുക്കി. ഇതു പ്രകാരം കമ്പനികൾക്ക് മുദാദ് പ്ലാറ്റ്ഫോമിൽ വേതന സംരക്ഷണ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി അറുപതിൽ നിന്ന് 30 ദിവസമാക്കി കുറച്ചു. പുതിയ നടപടി മാർച്ച് 1 മുതൽ പ്രാബല്യത്തിലാകും.
മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് വ്യവസ്ഥകൾ പുതുക്കിയത്. നാളിതുവരെ സ്ഥാപനങ്ങൾക്ക് വേതന സംരക്ഷണ രേഖകൾ അപ്ലോഡ് ചെയ്യാൻ 2 മാസമാണ് സമയം അനുവദിച്ചിരുന്നത്. പുതുക്കിയ ചട്ട പ്രകാരം മാർച്ച് 1 മുതൽ ഒരു മാസത്തെ സമയമേ അനുവദിച്ചിട്ടുള്ളു. ശമ്പള കാര്യത്തിൽ കൃത്യത ഉറപ്പാക്കാനും വേതന കരാറുകൾ പാലിക്കാനും ജീവനക്കാർക്ക് യഥാസമയം ശമ്പളം ലഭ്യമാക്കാനും വേണ്ടിയാണ് സമയപരിധി കുറച്ചത്.
മന്ത്രാലയം നടത്തിയ പഠനത്തിൽ രാജ്യത്തെ 91 ശതമാനം സ്ഥാപനങ്ങളും 30 ദിവസത്തിനുള്ളിൽ തന്നെ വേതന രേഖകൾ അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് വ്യവസ്ഥ പരിഷ്കരിച്ചത്.
രാജ്യത്തെ സ്ഥാപനങ്ങളും കമ്പനികളും കൃത്യ സമയത്ത് തന്നെ ശമ്പളം നൽകണമെന്നും പെയ്റോൾ മാനേജ്മെന്റ് സംവിധാനം വിശദമായി വിലയിരുത്തണമെന്നും തൊഴിൽ വിപണിയുടെ സ്ഥിരത ഉറപ്പാക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല