സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ, ഇപ്പോള്‍ ജോലി ചെയ്യുന്നവരെ കൂടെ നിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുകയാണ് പല സ്ഥാപനങ്ങളും. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സെയിന്‍സ്ബറീസ് ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ലണ്ടന്‍ പുറത്തുള്ള സ്റ്റോറുകളിലെ മിനിമം വേതനം മണിക്കൂറിന് 12 പൗണ്ട് ആയും, ലണ്ടനില്‍ അത് 13.15 പൗണ്ട് ആയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
അതായത്, സെയിന്‍സ്ബറിയിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത നാഷണല്‍ ലിവിംഗ് വേജിനേക്കാള്‍ കൂടുതല്‍ തുക വേതനമായി ലഭിക്കും എന്നര്‍ത്ഥം. ഏകദേശം 1,20,000 ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സെയിന്‍സ്ബറി പറയുന്നത്. നിലവില്‍ ലണ്ടന്‍ പുറത്തുള്ള സ്റ്റോറുകളില്‍ മിനിമം വേതനം മണിക്കൂറില്‍ 11 പൗണ്ടും ലണ്ടനില്‍ അത് മണിക്കൂറില്‍ 11.19 പൗണ്ടും ആണ്.
2024 ഏപ്രില്‍ മുതല്‍, മിനിമം വേതനം എന്നു കൂടി അറിയപ്പെടുന്ന നാഷണല്‍ ലിവിംഗ് വേജ് 11.44 പൗണ്ട് ആയി വര്‍ദ്ധിപ്പിക്കാന്‍ ഇരിക്കവേയാണ് സെയ്ന്‍സ്ബറിയുടെ ഈ പുതിയ പ്രഖ്യാപനം. ഇത്തവണ മുതല്‍ നാഷണല്‍ ലിവിംഗ് വേജില്‍ 21, 22 വയസ്സുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെയ്ന്‍സ്ബറിയുടെ പുതിയ തീരുമാന പ്രകാരം അവിടത്തെ ജീവനക്കാര്‍ക്ക് മിനിമം വേതനത്തേക്കാള്‍ 56 പെന്‍സ് അധികം ലഭിക്കും. മാത്രമല്ല, ഔദ്യോഗിക നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതിനും ഒരു മാസം മുന്‍പ്തന്നെ സെയ്ന്‍സ്ബറി ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച വേതനം ലഭിക്കും എന്നൊരു കാര്യം കൂടിയുണ്ട്.
ഒരു വര്‍ഷം മുന്‍പായിരുന്നു സെയിന്‍സ്ബറി വേതന വര്‍ദ്ധനവ് നടപ്പിലാക്കിയത്. അന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മിക്കതിലും വേതന വര്‍ദ്ധനവ് നിലവില്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആള്‍ഡി ജീവനക്കാരുടെ ശമ്പളം ലണ്ടന്‍ പുറത്ത് 11.40 പൗണ്ടും ലണ്ടനില്‍ മണിക്കൂറില്‍ 12.85 പൗണ്ടുമായി വര്‍ദ്ധിപ്പിച്ചിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്കൊ ജീവനക്കാരുടെ ശമ്പളം ലണ്ടന്‍ പുറത്ത് 11.02 പൗണ്ടായും ല്ണ്ടനില്‍ 11.95 പൗണ്ടായും വര്‍ദ്ധിപ്പിച്ചിരുന്നു.
ഇപ്പോള്‍ പുതുക്കിയ മിനിമം വേതന നിരക്ക് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ വേതനം വര്‍ദ്ധിപ്പിക്കാന്‍ ഇവരും ബാദ്ധ്യസ്ഥരാകും.അടുത്തകാലത്ത് മാത്രമാണ് ബ്രിട്ടനിലെ തൊഴിലാളി വേതനം പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതലായത്. നിലവില്‍ ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഏറ്റവും കുരവ് നിരക്കായ 3.9 ശതമാനത്തില്‍ തുടരുകയാണ്. എന്നാല്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്ന 2 ശതമാനത്തിന്റെ ഏതാണ്ട് ഇരട്ടി നിരക്കാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല