സ്വന്തം ലേഖകൻ: ലേബര്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി വിലപേശലുമായി യൂണിയനുകള്‍. മികച്ച ശമ്പളവര്‍ധന ഓഫര്‍ ചെയ്തിട്ടും യൂണിയനുകള്‍ സമരങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിക്ക് യൂണിയനുകള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്നാണ് ആരോപണം. 14 ശതമാനം വരുന്ന വമ്പന്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ച് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് റെയില്‍ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
ലേബര്‍ പാര്‍ട്ടിയെ സംരക്ഷിച്ച യൂണിയന്‍ നേതാക്കള്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ട്രെയിന്‍ ഡ്രൈവര്‍മാര്‍ മൂന്ന് മാസം നീളുന്ന പണിമുടക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 31 മുതല്‍ നവംബര്‍ 10 വരെ 22 ദിവസങ്ങളിലായി തങ്ങളുടെ അംഗങ്ങള്‍ സമരത്തിന് ഇറങ്ങുമെന്ന് അസ്ലെഫ് യൂണിയന്‍ പറഞ്ഞു. ലണ്ടന്‍ മുതല്‍ എഡിന്‍ബര്‍ഗ് വരെയുള്ള ഈസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ പ്രവര്‍ത്തനങ്ങളെയാണ് ഇത് ബാധിക്കുക.
രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് അവസാനം കുറിയ്ക്കാന്‍ ഓഫറിന് സാധിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസെ ഹെയ്ഗ് പ്രശംസിച്ചതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപനം. 2022 മുതല്‍ 18 തവണ സമരത്തിനിറങ്ങിയ അസ്ലെഫ് ഡ്രൈവര്‍മാര്‍ ഇതുമായി മുന്നോട്ട് പോയാല്‍ ഓഫര്‍ പിന്‍വലിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
ഈ മാസം അവസാനം പണിമുടക്കുമെന്ന് ഇപ്പോള്‍ ഹീത്രൂ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ ഫോഴ്‌സ് ഗാര്‍ഡുമാരും പ്രഖ്യാപിച്ചു. ഇതിനിടെ ജിപിമാരും, മറ്റ് റെയില്‍ യൂണിയനുകളും കൂടുതല്‍ പണം ചോദിച്ച് ഗവണ്‍മെന്റിന് പിന്നാലെയുണ്ട്. ലേബറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണം കൊടുത്ത അസ്ലെഫ് യൂണിയന് ലേബര്‍ ഗവണ്‍മെന്റില്‍ നിന്നും തങ്ങള്‍ക്ക് ആവശ്യമുള്ളത് നേടാമെന്ന നിലപാടാണെന്ന് ടോറി ട്രാന്‍സ്‌പോര്‍ട്ട് വക്താവ് ഹെലെന്‍ വാറ്റ്‌ലി പറഞ്ഞു. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റും, പ്രധാനമന്ത്രിയും വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല