സ്വന്തം ലേഖകന്‍: പകലന്തിയോളം പണിയെടുത്ത് നൂറു രൂപ കൂലി ചോദിച്ചതിന് തൊഴിലാളിക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍. ആഗ്രയിലെ കത്ര വാസിര്‍ ഖാന്‍ പ്രദേശത്താണ് തൊഴിലാലിക്ക് ദാരുണമായ അന്ത്യം നേരിടേണ്ടി വന്നത്.
നാല്‍പ്പതുകാരനായ പപ്പുവിനെയാണ് 100 രൂപ കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ അടിച്ചു കൊന്നത്. തദ്ദേശവാസിയായ ഒരു റിട്ട. മേജറുടെ കൊച്ചുമകനാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിന് അടുത്തുള്ള ഭൂമിയില്‍ പണിയെടുത്തതിനു ശേഷം വൈകീട്ട് കൂലി ചോദിച്ചെത്തിയ പപ്പുവുമായി മേജറുടെ കൊച്ചുമകനായ ജയകൃഷ്ണന്‍ കൂലിയുടെ പേരില്‍ വഴക്കിടുകയായിരുന്നു.
വേതനത്തിന്റെ കാര്യം പറഞ്ഞ് തുടങ്ങിയ വാക്കുതര്‍ക്കം രൂക്ഷമായതോടെ പപ്പുവിനെ ഇടിച്ചു വീഴ്!ത്തിയ ജയകൃഷ്ണന്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനം താങ്ങാനാവാതെ പപ്പു തളര്‍ന്നു വീഴുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
സംഭവത്തിനു തൊട്ടു പിന്നാലെ ഒളിവില്‍ പോയ ജയകൃഷ്ണനു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പപ്പുവിന്റെ മരണവാര്‍ത്ത അറിഞ്ഞ് രോക്ഷാകുലരായ ജനക്കൂട്ടം പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. പ്രതിഷേധത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങള്‍ക്ക് ജനക്കൂട്ടം തീവെച്ചു.
ജയകൃഷ്ണനെ തെരഞ്ഞ് വീട്ടിലെത്തിയ ആള്‍ക്കൂട്ടം റിട്ട. മേജര്‍ എംഎല്‍ ഉപാധ്യായയെയും ആക്രമിച്ചു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജും റബ്ബര്‍ ബുള്ളറ്റും ഉപയോഗിക്കേണ്ടിവന്നു. ജയകൃഷ്ണനെ പിടികൂടാതെ പിരിഞ്ഞു പോകില്ലെന്ന് ജനക്കൂട്ടം ഉറച്ച നിലപാട് എടുത്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല