1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2025

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താനുമായി സ്ഥാപിച്ച വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തുണയായതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഖുലൂദ് സെയ്ഫ് അബ്ദുല്ല അൽകുബൈസി പറഞ്ഞു. 2018ലെ 17-ാം നമ്പർ നിയമപ്രകാരം രാജ്യത്ത് സ്ഥാപിച്ച വർക്കേഴ്സ് ഫണ്ട് ഇതുവരെ 130,000ൽ അധികം തൊഴിലാളികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

2018ൽ സ്ഥാപിതമായത് മുതൽ വിവിധ സേവനങ്ങളിലൂടെ ഫണ്ട് അതിന്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ചതായും ഖുലൂദ് സെയ്ഫ് അബ്ദുല്ല അൽകുബൈസി പറഞ്ഞു. സമഗ്ര തൊഴിൽ പരിഷ്‌കാരങ്ങളുടെ ചട്ടക്കൂടിനുള്ളിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷവും ജീവിത സാഹചര്യവും ഒരുക്കുന്നതിലും വർക്കേഴ്സ് ഫണ്ട് വലിയ സംഭാവനകളാണ് നൽകിയത്.

തൊഴിലാളികൾക്കിടയിൽ കായിക സംസ്കാരം വളർത്താൻ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി കഴിഞ്ഞ ദിവസം വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് ധാരണയിൽ എത്തിയിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിൽ നിന്നും ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത്.

ഖത്തർ വിഷൻ 2030ന്റെ ഭാഗമായി തൊഴിലാളികളുടെ സാമ്പത്തിക, സാമൂഹിക സ്ഥിരത വർദ്ധിപ്പിക്കുക, വേതനവും സാമ്പത്തിക കുടിശ്ശികയും വൈകിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, തൊഴിലുടമകളുമായുള്ള തർക്കം പരിഹരിക്കുക തുടങ്ങിയ ലക്ഷ്യം മുൻനിർത്തിയാണ് വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് സ്ഥാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.