ബ്രിട്ടണിലെ ജനങ്ങള്‍ ഇപ്പോഴേ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പ്രതീക്ഷിച്ച പോലെത്തന്നെ ലേബര്‍ പാര്‍ട്ടിക്കാണ് ജനങ്ങള്‍ തങ്ങളുടെ പിന്തുണ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നടത്തിയ ഒരു പോളിങ്ങില്‍ 43% ജനങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ കൂടെയും 32% ആളുകള്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കൂടെയുമാണ് നില്‍ക്കുന്നത്. ഇവര്‍ക്കിടയിലെ വ്യത്യാസം 11% ആണെന്നത് അടുത്ത ഇലക്ഷനില്‍ ലേബര്‍ പാര്‍ട്ടിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
മറ്റൊരു പ്രധാന വിവരം ലിബ് ഡെമോ പാര്‍ട്ടിയെ പിന്തള്ളി യു.കെ. ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി മുന്പില് വന്നിട്ടുണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ നാലിലൊന്ന് വോട്ടു ലഭിച്ച പാര്‍ട്ടിയാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. 9% ജനങ്ങള്‍ യു.കെ.ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ കൂടെ നിന്നപ്പോള്‍ ലിബ് ഡെമോ യുടെ കൂടെ 8% ജനങ്ങളാണ് നിന്നത്. രണ്ടായിരത്തോളം ജനങ്ങള്‍ പങ്കെടുത്ത ഈ സര്‍വേ ഫലം ജനങ്ങളുടെ ഇപ്പോഴത്തെ ശരിയായ മാനസികാവസ്ഥയാണ് പുറത്തുകൊണ്ട് വരുന്നത് എന്ന് വിദഗ്ദ്ധര്‍ അറിയിച്ചു.
അതെ സമയം ആയിരം പേര് പങ്കെടുത്ത മറ്റൊരു പോളിങ്ങില്‍ ലേബര്‍ പാര്‍ട്ടി 40% നേടി മുന്‍പന്തിയില്‍ എത്തി. കണ്സര്വെട്ടീവ് പാര്‍ട്ടി 33% നേടി രണ്ടാം സ്ഥാനത്തുണ്ട്. ലിബ് ഡെമോ 12% നേടിയപ്പോള്‍ മറ്റുള്ള പാര്‍ട്ടികള്‍ 15% നേടി. കണ്സര്വെട്ടീവ് പാര്‍ട്ടിയുടെ നികുതി നിരക്കിലെ വര്‍ദ്ധനവും വ്യാജഇന്ധന സമരവുമാണ് ജനങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയതെന്ന് കരുതുന്നവര്‍ ഏറെയാണ്.
ഇതോടെ ഡേവിഡ് കാമറൂണ്‍ ലേബര്‍ പാര്‍ട്ടി നേതാവായ എട് മില്ലി ബാന്‍ഡ്നു മുന്പില് അടിയറവു പറയും എന്നാണു പലരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും ആറു ശതമാനം അധികം ജനങ്ങള്‍ ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ കൂടെ കൂടിയിരിക്കുകയാണ്. ഇത് വരാന്‍ പോകുന്ന ഇലക്ഷനെ ബാധിക്കും എന്നതില്‍ സംശയം ഒന്നും തന്നെ വേണ്ട. അടുത്ത ഇലക്ഷനില്‍ അധികാര കൈമാറ്റം ഉണ്ടാകും എന്നതിന് ഇതോടെ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. പോപുലസ്,യു ഗോവ് തുടങ്ങിയ കമ്പനികള്‍ ആണ് ഈ പോളിംഗ് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല