സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ, നികുതി വര്‍ദ്ധന ഉണ്ടാകും എന്ന ആശങ്കയില്‍ നാടു വിടുന്ന ബ്രിട്ടീഷ് കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 നും 2028 നും ഇടയില്‍ ബ്രിട്ടനിലെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 17 ശതമാനം കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വീസ്സ് ഇന്‍വെസ്റ്റ്മന്റ് ബാങ്കായ യു ബി എസ് നടത്തിയ പഠനത്തിലാണ് ഇത് പറയുന്നത്. ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറിയതിന് ഏതാനും ദിവസങ്ങള്‍ക്കിപ്പുറമാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
വാര്‍ഷിക ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ്, ഏകദേശം 5,19,000 കോടീശ്വരന്മാര്‍ ഇക്കാലയളവില്‍ ബ്രിട്ടന്‍ വിട്ട് വിദേശങ്ങളില്‍ കുടിയേറുമെന്ന് പറഞ്ഞിരിക്കുന്നത്. എല്ലാ രാജ്യങ്ങളേയും താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും വലിയ കുത്തൊഴുക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം 25 ലക്ഷമായി കുറയും. കോടീശ്വരന്മാരുടെ കുത്തൊഴുക്കില്‍ കുറവ് ദൃശ്യമാകുന്നത് നെതര്‍ലാന്‍ഡ്‌സിന്റെ കാര്യത്തില്‍ മാത്രമാണ്. വെറും 4 ശതമാനമായിരിക്കും ഇവിടെ നാട് വിടുന്ന കോടീശ്വരന്മാരുടെ എണ്ണം.
ഇതില്‍ നിന്നും വിഭിന്നമായി തായ്വാന്‍, ഇന്തോനേഷ്യ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കോടീശ്വരന്മാരുടെ കുടിയേറ്റം വര്‍ദ്ധിക്കും. ലേബര്‍ സര്‍ക്കാരിന്റെ കീഴില്‍ പുതിയ വെല്‍ത്ത് ടാക്സുകള്‍ ഉള്‍പ്പടെ നിരവധി നികുതികള്‍ കൊണ്ടുവന്നേക്കുമെന്ന ഭയമാണ് ബ്രിട്ടനിലെ സമ്പന്നരെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന നികുതി മാത്രമല്ല, ഇതിന് മറ്റു കാരണങ്ങളും ഉണ്ടെന്നാണ് യു എസ് ബി ഗ്ലോബലിലെ ചീഫ് എക്കണോമിസ്റ്റ് ആയ പോള്‍ ഡൊണോവന്‍ പറയുന്നത്.
സമ്പത്തിന്റെ ഭൂരിഭാഗവും ഇതുവരെ കൈവശം വച്ചിരുന്നവര്‍ 1946 നും 1964 നും ഇടയിലുള്ളവരുടെ കൈകളിലായിരുന്നു. അവര്‍ ഇപ്പോള്‍ വാര്‍ദ്ധക്യത്തിലേക്കും അതുവഴി വിരമിക്കലിലേക്കും നീങ്ങുകയാണ്. ഇത്തരം സാഹചര്യത്തില്‍ സമ്പത്ത് ഇക്കാലയളവില്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം നടക്കുമെന്നാണ് യു ബി എസ് വിലയിരുത്തുന്നത്. അതായത്, സമ്പത്തിന്റെ ഭൂരിഭാഗവും 44 നും 59 നും ഇടയില്‍ പ്രായമുള്ളവരിലേക്ക് വരും. അത്തരം സാഹചര്യത്തില്‍ 25 മുതല്‍ 35 വരെ പ്രായമുള്ളവര്‍ക്ക് സാമ്പത്തിക വിഷയങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം കൈവരും.
ഈ തലമുറ ഏതെങ്കിലും ഒരിടത്ത് ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്നവരല്ല. നികുതി കുറവുള്ള പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഇവര്‍ പലായനം ചെയ്യും. ഇവിടെയാണ് ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ചിത്രത്തില്‍ വരുന്നത്. നിലവില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും അധികം കോടീശ്വരന്മാര്‍ ഉള്ളത് യു കെയിലാണ് 2028 ആകുമ്പോഴേക്കും ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യു കെയെ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല