സ്വന്തം ലേഖകൻ: കടല്‍ കടന്നെത്തിയ അനധികൃത അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്ന പദ്ധതി തെരഞ്ഞെടുപ്പ് വരെ താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാല്‍ ആ പദ്ധതിയുമായി മുന്‍പോട്ട് പോകും എന്ന് തന്നെയാണ് ഋഷി ഉറപ്പിച്ചു പറയുന്നത്. അതേസമയം, ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ റുവാണ്ടയിലേക്കുള്ള ഒരു വിമാനം പോലും പറന്നു പൊങ്ങില്ലെന്ന നിലപാടാണ് പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ക്ക് ഉള്ളത്.
കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട് തന്റെ നയം വ്യക്തമാക്കുന്നതിനിടയിലാണ്, അഭയാര്‍ത്ഥികളുമായി ഒരു വിമാനം പോലും റുവാണ്ടയിലേക്ക് പോകില്ല എന്ന് സ്റ്റാര്‍മര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്തിയാല്‍ റുവാണ്ടന്‍ പദ്ധതി പാടെ ഉപേക്ഷിക്കാനാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച കണ്‍സര്‍വേറ്റീവ് പര്‍ട്ടി വിട്ട് ലേബര്‍ പാര്‍ട്ടിയിലെത്തിയ എം പി നടാല്‍;ഇ എല്‍ഫിക്ക് പ്രതിനിധാനം ചെയ്യുന്ന ഡീല്‍ നിയോജകമണ്ഡലത്തിലെ ഒരു മീറ്റിംഗിലായിരുന്നു കീര്‍ സ്റ്റാര്‍മര്‍ കുടിയേറ്റ നയം വ്യക്തമാക്കിയത്.
റുവാണ്ടന്‍ പദ്ധതി ഇല്ലാതാക്കുക എന്നത് ഒരു വിഡ്ഢിത്തമാണെന്നാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പ്രതികരിച്ചത്. ഇതുവരെ ഒരു വിമാനം പോലും പദ്ധതിക്ക് കീഴില്‍ റുവാണ്ടയിലേക്ക് പറന്നുയര്‍ന്നിട്ടില്ലെങ്കിലും, ഏറെ പ്രായോഗികകരമായ ഒരു പദ്ധതിയാണിതെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാല്‍, ഇത് വെറും കണ്‍കെട്ട് വിദ്യയും, പണം പാഴാക്കുന്ന ഏര്‍പ്പാടുമാണെന്നാണ് സ്റ്റാര്‍മര്‍ പറയുന്നത്. ഇതിനു പകരമായി ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡായിരിക്കും നിലവില്‍ വരിക എന്നും അദ്ദേഹം പറഞ്ഞു.
ചാനല്‍ കടന്നെത്തുന്ന ബോട്ടുകളെ തടയുമെന്നോ, ചാനല്‍ വഴിയെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളൊ പക്ഷെ സ്റ്റാര്‍മര്‍ വാഗ്ദാനം നല്‍കിയില്ല. തന്റേത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടികളായിരിക്കും എന്ന് പറഞ്ഞ സര്‍ കീര്‍ സ്റ്റാര്‍മര്‍, ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. റുവാണ്ടന്‍ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ കൂടി നൂറുകണക്കിന് അഭയാര്‍ത്ഥികളെ മാത്രം റുവാണ്ടയിലേക്ക് അയയ്ക്കാന്‍ കഴിയുമായിരുന്നു. അപ്പോഴും മറുവശത്ത് ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്നത് ആയിരങ്ങളാണെന്നും സ്റ്റാര്‍മര്‍ ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല