അധികാരത്തിലെത്തിയാല്‍ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഫീസ് നിരക്കുകള്‍ 6,000 പൗണ്ടായി കുറക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഏഡ് മിലിബാന്‍ഡ് പറഞ്ഞു. നിലവില്‍ 9,000 പൗണ്ടാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ട പരമാവധി ട്യൂഷന്‍ ഫീസ്. പെന്‍ഷന്‍ ടാക്‌സ് റിലീഫ് വെട്ടിക്കുറച്ചാണ് ഇതിനുള്ള തുക കണ്ടെത്തുക.
ഇതിനായി പ്രതിവര്‍ഷം രണ്ടു ബില്യണ്‍ പൗണ്ട് വകയിരുത്തും. വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്നതിന് നിലവിലുള്ള സംവിധാനം തകര്‍ച്ചയില്‍ ആണെന്നും അത് വിദ്യാര്‍ഥികള്‍ക്ക് ശരാശരി 44,000 പൗണ്ട് കടബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും മിലിബാന്‍ഡ് പറഞ്ഞു.
മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് തങ്ങളെടുത്ത വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതു കാരണം കിട്ടാക്കടത്തിന്റെ അളവ് വര്‍ധിക്കുന്നു. ഇത് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ദേശീയ കട ബാധ്യത 281 ബില്യണ്‍ പൗണ്ട് ആയി ഉയര്‍ത്തും.
കണക്കാക്കപ്പെട്ട തിരിച്ചടവു തുക വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കാത്തത് നിലവിലുള്ള സംവിധാനത്തിന്റെ പോരായ്മയാണെന്ന് മിലിബാന്‍ഡ് ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മൂന്ന് ദശകങ്ങളില്‍ തിരിച്ചടവ് മുടങ്ങി എഴുതിത്തല്ലേണ്ടി വരുന്ന വിദ്യാര്‍ഥി ലോണുകള്‍ പ്രതിവര്‍ഷം ഏതാണ്ട് 21 ബില്യണ്‍ പൗണ്ട് വരുമെന്നും ലേബര്‍ പാര്‍ട്ടി പ്രവചിക്കുന്നു.
പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വിരമിക്കല്‍ പ്രായം വരെ ഇത്തരം വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് മിലിബാന്‍ഡ് മുന്നറിയിപ്പ് നല്‍കി.
തങ്ങളുടെ കുട്ടികളേയും പേരക്കുട്ടികളേയും ഈ കെണിയില്‍ നിന്ന് രക്ഷിക്കാന്‍ മിലിബാന്‍ഡ് യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല