ബ്രിട്ടണിലെ വിവിധ കൗണ്‍സിലുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം മുതലാക്കിയ ലേബര്‍ പാര്‍ട്ടിയ്ക്ക് ഉജ്ജ്വല വിജയം. ഭരണകക്ഷികളായ കണ്‍സര്‍വെട്ടിവ് പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. 823 കൗണ്‍സിലര്‍ സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലേബര്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത് . ടോറികള്‍ക്ക് 405, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 336 എന്നിങ്ങനെ കൗണ്‍സിലര്‍ സീറ്റുകള്‍ നഷ്ടമായി.
ലണ്ടന്‍ മേയറായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് ടോറികളുടെ എടുത്തു പറയത്തക്ക നേട്ടം. സെക്കന്റ് റൌണ്ട് വോട്ടുകള്‍ എണ്ണിയതിനു ശേഷമാണ് ബോറിസിനു വിജയിക്കാന്‍ ആവശ്യമായ വോട്ട നേടാനായത്.എന്നാല്‍ ലണ്ടന്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ലേബര്‍ പാര്‍ട്ടിയ്ക്ക് പന്ത്രണ്ട് സീറ്റ് ലഭിച്ചപ്പോള്‍ ടോറികള്‍ ഒന്‍പതില്‍ ഒതുങ്ങി. മറ്റ് രണ്ട് സീറ്റുകള്‍ ഗ്രീന്‍ പാര്‍ട്ടിയ്ക്കാണ്.
കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ ഇംഗ്ലണ്ടിലും സ്ക്കോട്ട്‌ലാന്റിലും വെയില്‍സിലും ഒരുപോലെ നേട്ടം കൈവരിക്കാനായത് ലേബര്‍ പാര്‍ട്ടിയ്ക്ക് ഉണര്‍വായി. 32 കൗണ്‍സിലുകളിലെ അധികാരം മറ്റ് പാര്‍ട്ടികളില്‍ നിന്നും ലേബര്‍ പിടിച്ചെടുത്തു. രാജ്യമൊട്ടാകെ ലേബര്‍ പാര്‍ട്ടി ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചിരിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് ലേബര്‍ നേതാവ് എഡ് മിലിബാന്റ് പറഞ്ഞു. കൂട്ടുകക്ഷി മുന്നണിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല