സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി അറിയപ്പെടുന്നത് ലോകത്തെ തന്നെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി മേഖലകളിൽ ഒന്നായാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള സൈനികര്‍ക്ക് ഇവിടെ ശത്രുവിനെതിരെ പൊരുതി നില്‍ക്കല്‍ അത്ര സാധ്യമല്ല. എന്നാല്‍ ഇവിടെ സൈന്യത്തിന്റെ കണ്ണും കാതുമായി നിലകൊള്ളുന്ന ഒരു സൈനിക വിഭാഗമുണ്ട്. ലഡാക്കില്‍ തന്നെ താമസിക്കുന്ന ചെറുപ്പക്കാര്‍ അടങ്ങിയ, മലനിരകളില്‍ എവിടൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ള അവരെ സൈന്യം ലഡാക്ക് സ്‌കൗട്ട്‌സ് എന്നാണ് വിളിക്കുന്നത്.
ചൈനയുടെയും പാകിസ്താന്റെയും കണ്ണ് എപ്പോഴും നിഴൽ വീഴ്ത്തുന്ന പ്രദേശമാണ് ലഡാക്ക്. 1947-ല്‍ കാര്‍ഗില്‍ വഴി പാകിസ്താനില്‍ നിന്നെത്തിയ നുഴഞ്ഞുകയറ്റക്കാര്‍ ലഡാക്കിലെ ബുദ്ധവിഹാരം കൊള്ളയടിക്കാന്‍ ശമിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ സംഘടിച്ച് അതിനെതിരെ പൊരുതി. ഇതിന് ശേഷം ഇവിടെയുള്ളവരെ ഉള്‍പ്പെടുത്തി രണ്ട് ബറ്റാലിയന് രൂപം കൊടുത്തു. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ദൗലത് ബേഗ് ഓള്‍ഡി, ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്, പാംഗോങ്, ചുഷുല്‍ എന്നിവിടങ്ങളിലെ ശക്തമായ പ്രതിരോധനിര തീര്‍ത്ത് ചൈനയുടെ കടന്നുകയറ്റത്തെ പരമാവധി ചെറുത്തവരാണ് ഈ ബറ്റാലിയനുകള്‍.
ഈ യുദ്ധത്തിന് ശേഷമാണ് രണ്ട് ബറ്റാലിയനുകളെയും ചേര്‍ത്ത് ലഡാക്ക് സ്‌കൗട്ട്‌സ് എന്നപേരില്‍ ഒരു യൂണിറ്റാക്കി മാറ്റിയത്. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇവര്‍ ശൗര്യം വീണ്ടും പുറത്തെടുത്തു. അന്ന് അതുല്യമായ പരാക്രമവും ധീരതയുമാണ് ലഡാക്ക് സ്‌കൗട്ട്‌സ് പ്രകടിപ്പിച്ചത്.
നിലവില്‍ അഞ്ച് ബറ്റാലിയന്‍ സൈനികരാണ് ലഡാക്ക് സ്‌കൗട്ട്‌സിലുള്ളത്. ലഡാക്കിലെ ദുര്‍ഘടമായ മേഖലകളില്‍ താമസിക്കുന്നവരാണ് ഇതിലെ സൈനികര്‍ അധികവും. ഓക്‌സിജന്റെ അളവ് കുറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന ഇവിടെ കാലങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് ഈ മേഖലകളില്‍ അതിജീവന ശേഷി മറ്റുള്ളവരേക്കാള്‍ കൂടുതലാണ്.
ചൈനയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ദുര്‍ഘടമായ സ്ഥലങ്ങളിലാണ് ഇവര്‍ നിയോഗിക്കപ്പെടുക. അതിര്‍ത്ത് കടക്കാൻ ശ്രമിക്കുന്ന ശത്രുവിന് ആദ്യം നേരിടേണ്ടി വരിക ഈ ലഡാക്ക് ശൌര്യമാണ്. ഇന്ത്യൻ മണ്ണിൽ കാലു കുത്തണമെങ്കിൽ ആ വീര്യത്തിന്റെ അവസാന തുള്ളിയും വറ്റണമെന്ന് ചുരുക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല