അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്‍റെ അബോട്ടാബാദിലെ ഒളിത്താവളം പൊളിച്ചുമാറ്റുന്ന നടപടി തുടരുന്നു. തീവ്രവാദ ബന്ധമുള്ള യാതൊന്നും നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്തുകയാണു നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍. ലാദന്‍റെ വാസസ്ഥലം തുടച്ചനീക്കുന്നതു ലോകത്തെ ഭീകരസംഘടനാ തലവന്‍മാരുടെ ആത്മവിശ്വാസം കെടുത്തുമെന്നും അവര്‍. ലാദന്‍റെ പിന്‍ഗാമികള്‍ ഒളിത്താവളത്തെ പുണ്യ സ്ഥാനമാക്കി മാറ്റരുതെന്നതു മറ്റൊരുദ്ദേശ്യം. എന്നാല്‍ ആരാണു നടപടിക്കു നിര്‍ദേശിച്ചതെന്നു വ്യക്തമല്ല. പ്രാദേശിക ഭരണകൂടവും സൈന്യവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. യുഎസ് ഇക്കാര്യത്തില്‍ അമ്പരപ്പു പ്രകടിപ്പിച്ചു.
ശനിയാഴ്ച രാത്രി 9 മണിക്കാണ് എര്‍ത്ത്മൂവറുകളും ക്രെയ്നുകളും ഉപയോഗിച്ച് ഒളിത്താവളം പൊളിക്കാന്‍ തുടങ്ങിയത്. പാക്ക് സൈനിക അക്കാദമിക്കു 800 മീറ്റര്‍ അകലെ 3000 സ്ക്വയര്‍ മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഒളിത്താവളത്തിലെ മൂന്നു നില കെട്ടിടത്തിന്‍റെ ചുമരുകളുടെ നല്ലൊരുഭാഗവും ഇതിനകം പൊളിച്ചു മാറ്റിക്കഴിഞ്ഞെന്നു റിപ്പോര്‍ട്ട്. കെട്ടിടത്തിനു ചുറ്റും 10 മുതല്‍ 18 അടിവരെ ഉയരത്തില്‍ കെട്ടിയ മതിലുകളും എറെക്കുറെ തകര്‍ത്തു. നടപടിക്കു മുന്നോടിയായി ഒളിത്താവളത്തിലേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് അബോട്ടാബാദിലേക്കു പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നില്ല.
2011ല്‍ മേയ് രണ്ടിനാണു അബോട്ടാബാദിലെ ഒളിത്താവളത്തില്‍ അമെരിക്കന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെട്ടത്. 2005 മുതല്‍ ലാദനും 16 മക്കളുമടക്കം 27 പേര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന വാര്‍ത്ത പാക് അധികൃതരെ ഞെട്ടിച്ചിരുന്നു. ലാദന്‍ കൈയെത്തും ദൂരത്തുണ്ടായിരിന്നിട്ടും അറിയാന്‍ സാധിച്ചില്ലെന്നത് പാക് ചാര ഐഎസ്ഐക്കും നാണക്കേടുണ്ടാക്കി. പാക്കിസ്ഥാന്‍റെ ഭീകരവിരുദ്ധ പോരാട്ടത്തിന്‍റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെട്ട സംഭവം, പാക്-യുഎസ് നയതന്ത്ര ബന്ധത്തിലും വിള്ളലുകള്‍ തീര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല