ഒമ്പതുവര്‍ഷത്തെ ഒളിജീവിതത്തിനിടെ അല്‍ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്‍ വിവിധ പാക് നഗരങ്ങളിലായി അഞ്ചു വീടുകളില്‍ താമസിച്ചിരുന്നുവെന്നു വെളിപ്പെടുത്തല്‍. പാക് വാസക്കാലത്തിനിടയ്ക്ക് അദ്ദേഹത്തിനു നാലു കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഇപ്പോള്‍ പാക് കസ്റഡിയിലുള്ള, ബിന്‍ലാദന്റെ യെമന്‍ സ്വദേശിയായ വിധവ അമല്‍ അബ്ദുള്‍ ഫത്തായെ ചോദ്യംചെയ്ത സിവിലിയന്‍, സൈനിക അന്വേഷണ ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ജനുവരി 19 തീയതി വച്ചിട്ടുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടു.
2001 അവസാനം അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്ത ബിന്‍ലാദന്‍ കഴിഞ്ഞ മേയില്‍ 54-ാംവയസില്‍ അബോട്ടാബാദില്‍ യുഎസ് കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതുവരെയുള്ള കാലഘട്ടത്തിലേക്കു വെളിച്ചം വീശുന്നതാണ് ഈ റിപ്പോര്‍ട്ട്. ബിന്‍ലാദനുവേണ്ടി അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുമ്പോള്‍ അദ്ദേഹം സുരക്ഷിതനായി പാക്കിസ്ഥാനില്‍ കഴിയാനിടയായത് എങ്ങനെയെന്ന ചോദ്യത്തിനുള്ള വിശദീകരണം കൂടിയാണിത്. ബിന്‍ലാദന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂന്നു വിധവകളെയും മക്കളെയും പാക് സൈന്യം കസ്റഡിയിലെടുത്തു. ഇവരില്‍ സൌദി സ്വദേശികളായ രണ്ടു വിധവകള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു കാര്യമായി സഹകരിച്ചില്ല. എന്നാല്‍, ബിന്‍ലാദന്റെ ഇളയ ഭാര്യയായ അമല്‍ ഒട്ടേറെ വിവരങ്ങള്‍ വെളിപ്പെടുത്തി.
കാണ്ഡഹാറിലെത്തിയാണ് അമല്‍ ബിന്‍ ലാദനെ വിവാഹം ചെയ്തത്. സൌദി സ്വദേശികളായ മറ്റു രണ്ടു ഭാര്യമാര്‍ക്കൊപ്പമായിരുന്നു അമലും താമസിച്ചത്. യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നില്‍ അല്‍ക്വയ്ദയാണെന്ന് ആരോപണമുയര്‍ന്നതോടെ ബിന്‍ ലാദന്‍ ഒളിവില്‍ പോകുകയും കുടുംബം ചിതറിക്കപ്പെടുകയും ചെയ്തു. ഒമ്പതു മാസത്തോളം കറാച്ചിയിലായിരുന്നു അമലിന്റെ താമസം. പിന്നീട് പെഷവാറില്‍വച്ചാണ് ഇവര്‍ ബിന്‍ ലാദനെ കണ്ടുമുട്ടുന്നത്. അതിനുശേഷമൊരിക്കലും ദമ്പതികള്‍ പിരിഞ്ഞില്ല.
2005 മുതല്‍ കഴിഞ്ഞവര്‍ഷം മേയില്‍ ബിന്‍ ലാദന്‍ വധിക്കപ്പെടുന്നതുവരെ അബോട്ടാബാദിലെ ഒളിസങ്കേതത്തില്‍ താമസം. പാക്കിസ്ഥാനില്‍വച്ച് അമല്‍ രണ്ട് ആണ്‍കുട്ടികള്‍ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും ജന്മം നല്കി. 2003, 2004, 2006, 2008 വര്‍ഷങ്ങളിലായിരുന്നു മക്കള്‍ ജനിച്ചതെന്ന് അമല്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. രണ്ടു പ്രസവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. എന്നാല്‍, ഇവിടെ തെറ്റായ വിലാസമാണു നല്‍കിയത്. ബിന്‍ ലാദന്‍ കുടുംബത്തിന്റെ ഒളിച്ചുതാമസത്തിനുള്ള ചുമതല അല്‍ക്വയ്ദ നേതൃത്വം ഏല്‍പ്പിച്ചിരുന്നത് ഇബ്രാഹിം, അബ്രാര്‍ എന്നീ പാക്കിസ്ഥാനികളെയായിരുന്നു. ഇവര്‍ രണ്ടുപേരും അബോട്ടാബാദിലെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല