അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രസ്റ്റണ്‍):ആഗോള വ്യാപകമായി ക്രൈസ്തവര്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാള്‍ ദിനമായി ആചരിക്കുന്ന സെപ്തംബര്‍ 8 നു പ്രസ്റ്റണിലെ ലേഡി വെല്ലില്‍ വെച്ച് ജനന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. യു കെ യിലെ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ പ്രമുഖമായ ലേഡി വെല്ലില്‍ നൂറു കണക്കിന് മാതൃ ഭക്തരാണ് നിത്യേന തീര്‍ത്ഥാടകരായിഎത്തി പ്രാര്‍ത്ഥിച്ചു പോകാറുള്ളത്.
കപ്പലപകടത്തില്‍ പെട്ട യാത്രക്കാര്‍ക്ക് പരിശുദ്ധ അമ്മ രക്ഷകയായി എത്തി ലേഡി വെല്‍ കരയോരം കാണിച്ചു കൊടുക്കുകയും,അവര്‍ക്കു പാനം ചെയ്യുവാനായി തത്സമയം അവിടെ ഒരു അരുവി പിറവിയെടുപ്പിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.ഇന്നും അവിരാമം ഒഴുകുന്ന ആ നീര്‍ച്ചാലില്‍ നിന്നും വെള്ളം നിയോഗമായി പാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹ സൗഖ്യങ്ങള്‍ ലഭിക്കാറുണ്ടെന്നു നിരവധി അനുഭവ സാക്ഷ്യങ്ങള്‍ പറയുന്നു.
പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ സെപ്തംബര്‍ 8 നു വ്യാഴാഴ്ച വൈകുന്നേരം 5:00 മണിക്ക് ജപമാലയോടെ ആരംഭിക്കും. ആഘോഷമായ തിരുന്നാള്‍ ദിവ്യ ബലി, മരിയന്‍ സന്ദേശം, ലദീഞ് എന്നീ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ആഘോഷമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രസ്റ്റണ്‍ വി.അല്‍ഫോന്‍സാ ഇടവകയുടെ വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയില്‍ കാര്‍മ്മികത്വം വഹിക്കും.ലേഡി വെല്ലില്‍ നടത്തപ്പെടുന്ന മരിയന്‍ തിരുന്നാള്‍ ആഘോഷം കൂടുതല്‍ ഗംഭീരവും,ഭക്ത്യാദരവും ആക്കുവാന്‍ മാത്യു അച്ചന്റെ നേതൃത്വത്തില്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍ വലിയ ഒരുക്കത്തിലാണ്.
ഏറ്റവും വലിയ മദ്ധ്യസ്ഥയും,അഭയവുമായ പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ ആഘോഷത്തില്‍ ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങളും, ഉദ്ധിഷ്ടകാര്യസാധ്യവും പ്രാപ്യമാകുവാനും, മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ സദ് ഭാവിക്കായി സെപ്തംബര്‍ ഒന്നു മുതല്‍ അര്‍പ്പിക്കുന്ന ത്യാഗപൂര്‍ണ്ണമായ എട്ടു നോമ്പാചരണം ഏറെ ഫലദായകം ആകുവാനും തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളിലേക്ക് മാത്യു അച്ചനും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.
കരുണയുടെ ഈ അസാധാരണവര്‍ഷത്തില്‍ നമ്മുടെ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്ന തീര്‍ത്ഥാടനവും, പ്രാര്‍ത്ഥനകളും പ്രസ്റ്റണ്‍ രൂപതയുടെ ഉദ്ഘാടനവും,അഭിവന്ദ്യ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ മെത്രാഭിഷേകവും, സ്ഥാനാരോഹണവുമെല്ലാം അനുഗ്രഹീതമാക്കുവാന്‍ സഹായിക്കട്ടെയെന്നും പ്രത്യാശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല