ഇന്ത്യയുടെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വി വി എസ് ലക്ഷ്‌മണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മുന്‍പ് സൂചന പക്ഷേ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ലക്ഷ്മണ്‍ താന്‍ വിരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനോട് വിടപറയുന്ന മറ്റൊരു സൂപ്പര്‍താരമാണ് ലക്ഷ്മണ്‍.
ടെസ്‌റ്റില്‍ തുടരുന്നതു യുവ തലമുറയുടെ വഴിയടയ്‌ക്കുകയാണെന്ന നിരന്തര വിമര്‍ശനം 37 വയസുകാരനായ ലക്ഷ്‌മണിനെതിരെ ഉയര്‍ന്നിരുന്നു. 134 ടെസ്റ്റുമായി 16 വര്‍ഷം നീണ്ട ‘സ്പെഷ്യല്‍‘ കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും മോശം പ്രകടനത്തിനു പിന്നാലെ ലക്ഷ്‌മണ്‍ വിരമിക്കുമെന്നാണു കരുതിയിരുന്നത്. എട്ട് ഇന്നിംഗ്‌സുകളില്‍നിന്ന് 154 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഫോമില്ലായ്‌മയെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ ഏറെ കേട്ടെങ്കിലും ലക്ഷ്‌മണിനെ ടീമില്‍ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ലക്ഷ്‌മണിനെ ഒഴിവാക്കി പുതുമുഖത്തിന് അവസരം നല്‍കണമെന്നു സെലക്ഷന്‍ കമ്മിറ്റിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.
1996 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണു ലക്ഷ്‌മണ്‍ ടെസ്‌റ്റില്‍ അരങ്ങേറിയത്. 134 ടെസ്റ്റുകലില്‍ 17 സെഞ്ച്വറികളും 56 അര്‍ധസെഞ്ച്വറികളുമടക്കം 8781 റണ്‍സ് നേടിയിട്ടുണ്ട്. 281 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 86 ഏകദിനങ്ങള്‍ കളിച്ച ലക്ഷ്മണിന്റെ പേരില്‍ ആറ് സെഞ്ച്വറികളും 2338 റണ്‍സുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനിലായിരുന്നു അവസാന ഏകദിനം .ഏകദിന ടീമില്‍ സ്‌ഥിരക്കാരനല്ലായിരുന്നതിനാല്‍ ലക്ഷ്‌മണിനു ലോകകപ്പില്‍ അവസരം ലഭിച്ചില്ല. നാലു ലോകകപ്പുകളിലാണു ലക്ഷ്‌മണ്‍ കാഴ്ച്ചക്കാരനായി ഇരുന്നത്.
2001 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഹോം സീരിസാണു ലക്ഷ്‌മണിനെ ഹീറോയാക്കിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ലക്ഷ്‌മണ്‍ പൊരുതി നേടിയ 281 റണ്‍സ് നൂറ്റാണ്ടിലെ മികച്ച ഇന്നിംഗ്‌സായി നിരീക്ഷകര്‍ വിലയിരുത്തുന്നു. തുടര്‍ച്ചയായി 16 ടെസ്‌റ്റുകള്‍ ജയിച്ചാണു സ്‌റ്റീവ് വോയുടെ ഓസീസ് ടീം ഇന്ത്യയിലെത്തിയത്. പക്ഷേ സ്‌റ്റീവ് വോയുടെ കംഗാരുപ്പട ലക്ഷ്‌മണിനു മുന്നില്‍ പരാജയപ്പെട്ടു. 2003-04 സീസണില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ചരിത്രജയം നേടിയത് ലക്ഷ്‌മണിന്റെ ബാറ്റിംഗിലായിരുന്നു. ഓസീസ് ടീം ലക്ഷ്‌മണിനു മുന്നില്‍ പത്തി താഴ്ത്തി. ദ്രാവിഡ്, സച്ചിന്‍, ഗംഗുലി, ലക്ഷ്മണ്‍ തുടങ്ങിയ ക്രിക്കറ്റിന്റെ സുവര്‍ണ സംഘത്തിലൊരാളാണ് ഇന്ത്യന്‍ ടീമിനോട് വിട പറയുന്നത്.ഇനി ആ സംഘത്തില്‍ ടീമിലുള്ള അവസാന ആള്‍ സച്ചിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല