മുല്ലപ്പെരിയാര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സൂപ്പര്‍താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്കുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍. അണക്കെട്ട് സംബന്ധിച്ചുള്ള തര്‍ക്കം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്ന സാഹചര്യത്തിലാണ് മലയാള സിനിമകള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ വിലക്കുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, മോഹന്‍ലാലിന്റെ അറബിയും ഒട്ടകവും എന്നീ ചിത്രങ്ങളാണ് ക്രിസ്മസ് ചിത്രങ്ങളായി ആദ്യം തിയറ്ററുകളിലെത്തുന്നത്. പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ രണ്ട് സിനിമകള്‍ക്കും തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ ലഭിയ്ക്കില്ലെന്നാണ് കരുതപ്പെടുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മമ്മൂട്ടിയും ലാലും പരസ്യമായി പ്രതികരിയ്ക്കാഞ്ഞത് തങ്ങളുടെ സിനിമകള്‍ക്ക് തമിഴ്‌നാട്ടില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
അതേസമയം തമിഴ്‌നാടിന്റെ രീതിയില്‍ കേരളം തിരിച്ചടിച്ചാല്‍ കോളിവുഡിന് അത് വന്‍നഷ്ടം വരുത്തുമെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. ചെന്നൈ പോലുള്ള ചുരുക്കം ചില പ്രധാന നഗരങ്ങളില്‍ മാത്രമാണ് മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ തമിഴ് സിനിമകള്‍ക്ക് ഒട്ടേറെ ആരാധകരുള്ള കേരളത്തില്‍ നൂറില്‍പ്പരം തിയറ്ററുകളിലാണ് തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഇത് തടയപ്പെട്ടാല്‍ തമിഴ് സിനിമാ വിപണിയ്ക്ക് വലിയ തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല