‘ഡയമണ്ട് നെക്ലേസി’നുശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന് ‘അയാളും ഞാനും തമ്മില്‍’ എന്ന് പേരിട്ടു. സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ. ജൂലായ് 11ന് ഷൊറണൂരില്‍ ഷൂട്ടിങ് തുടങ്ങും. വന്‍ താരനിര ഒരുമിക്കുന്ന ചിത്രത്തില്‍ ലാല്‍ജോസിന്റെ ‘ക്ലാസ്‌മേറ്റ്‌സ്’ ടീം നായകന്മാരായ പൃഥ്വിരാജും നരേനും വീണ്ടും ഒന്നിക്കുന്നു.
മൂന്ന് നായികമാരുണ്ട് ചിത്രത്തില്‍ രമ്യ നമ്പീശന്‍, സംവൃത സുനില്‍, റിമ കല്ലിങ്കല്‍. ഒപ്പം ‘ഡയമണ്ട് നെക്ലേസി’ലൂടെ തിരിച്ചെത്തിയ തലമുതിര്‍ന്നതാരം പ്രതാപ് പോത്തന്‍ അതിശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സലിംകുമാര്‍, കലാഭവന്‍ മണി, പ്രേംപ്രകാശ് എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.
സ്വന്തം അര്‍പ്പണബോധംകൊണ്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു തലമുതിര്‍ന്ന ഡോക്ടറും നിരുത്തരവാദിയായ ഒരു ജൂനിയര്‍ ഡോക്ടറും തമ്മിലുള്ള ബന്ധത്തിലൂടെ മെഡിക്കല്‍ പ്രൊഫഷന്റെ ചിത്രം വരയ്ക്കുകയാണ് ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തിലൂടെ ലാല്‍ജോസ് ടീം. സീനിയര്‍ ഡോക്ടറായി പ്രതാപ്‌പോത്തനും ജൂനിയര്‍ ഡോക്ടറായി പൃഥ്വിരാജും വേഷമണിയുന്നു.
പ്രകാശ് മൂവിടോണ്‍സിന്റെ ബാനറില്‍ നടനും നിര്‍മാതാവുമായ പ്രേംപ്രകാശാണ് ചിത്രം ഒരുക്കുന്നത്. പ്രേംപ്രകാശിന്റെ മക്കളായ സഞ്ജയ്-ബോബി ടീമിലെ ബോബി ഡോക്ടറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല