മാധ്യമങ്ങള്‍ കണ്ണുനീര്‍ വില്‍പ്പനയ്ക്കുവയ്ക്കുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് കഴിഞ്ഞദിവസം തന്റെ ബ്ലോഗില്‍ എഴുതിയ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിനുപയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുനീരിനെ വില്‍പ്പനയ്ക്കുവയ്ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത എല്ലാവരും ഉപേക്ഷിക്കണം. “ഇത് ഒരു മനുഷ്യസ്നേഹിയുടെ അപേക്ഷയാണ്. സ്നേഹവും നന്മയും പുഞ്ചിരിയും കിനാവുകളുമൊക്കെ നമ്മുടെ നാട്ടില്‍ തിരിച്ച് വരട്ടെ. ആക്രോശങ്ങള്‍ ഇനി നിര്‍ത്താം. അതല്ലേ എല്ലാവര്‍ക്കും നല്ലത്”. തന്റെ ബ്ലോഗിലെ പരാമര്‍ശം വഴിവിട്ട് ചര്‍ച്ചയ്ക്കുപയോഗപ്പെടുത്തിയവരെ ഓണ്‍ലൈന്‍ മാസികയായ നെല്ലിലെ ജീവിതനൗക എന്ന സ്വന്തം കോളത്തില്‍ മോഹന്‍ലാല്‍ ഓര്‍മിപ്പിച്ചു.
താന്‍ വിവാദവ്യവസായികളെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നതായും അവരുടെ ആഘോഷത്തെ പറ്റി വേവലാതി പൂണ്ടിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു. “ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഇരയായി മാറുന്നു. എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്. എന്നെ ചില പക്ഷങ്ങളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു. ചാനലുകളില്‍ ഫ്ളാഷ് ന്യൂസുകളായി എന്റെ ബ്ലോഗിലെ ചില വാചകങ്ങള്‍ മാത്രം എഴുതി കാണിക്കുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. വേണ്ടായിരുന്നു, ഇതിനായി നിങ്ങള്‍ വിനിയോഗിച്ച ഊര്‍ജം കണ്ണീര്‍ തോരാത്ത അമ്മമാരെയും ഭാര്യമാരെയും മക്കളെയും സൃഷ്ടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ച് പറയാന്‍ ഉപയോഗിക്കാമായിരുന്നു- ലാല്‍ തുടര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല