സ്വന്തം ലേഖകന്‍: കൊച്ചു ജപ്പാന്‍ ജനപ്പെരുപ്പം കാരണം ഭൂമിയില്ലാതെ വീര്‍പ്പുമുട്ടുന്നതു കണ്ടിട്ട് കടല്‍ കനിവുകാണിച്ചതാണോ എന്ന അതിശയത്തിലാണ് ജപ്പാന്‍കാര്‍. ഏതാണ്ട് 500 മീറ്റര്‍ നീളം വരുന്ന ഒരു തുണ്ടു ഭൂമിയാണ് നോക്കി നില്‍ക്കെ കടലില്‍ നിന്ന് ഉയര്‍ന്നു വന്നത്.
ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലുള്ള റൗസു പട്ടണത്തിലാണ് സംഭവം നടന്നത്. പൊങ്ങിവന്ന ഭൂമി പലയിടങ്ങളിലും 10 മീറ്റര്‍ വരെ കടല്‍ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍പ്പാണ്. ഇന്നലെ വരെ കടലിന്റെ അടിത്തട്ടായിരുന്ന തറ പുറത്തു കാണാവുന്ന വിധത്തിലാണ് ഭൂമിയുടെ നില.
സംഭവം ആദ്യം കണ്ട ദൃക്‌സാക്ഷികള്‍ കരുതിയത് ശക്തമായ ഭൂകമ്പത്തിന്റെ തുടക്കമാണ് എന്നാണ്. കാണികളില്‍ ചിലരൊക്കെ സുരക്ഷിത സ്ഥാനങ്ങള്‍ നോക്കി ഓടുകയും ചെയ്തു. ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടായതിനാല്‍ വാര്‍ത്ത ഏളുപ്പം പരക്കുകയും പലരും നെട്ടോട്ടമോടാനും തുടങ്ങി.
ഒടുവില്‍ ജിയോളജിസ്റ്റുകല്‍ സ്ഥലത്തെത്തി പരിശോധന നടത്തി സംഗതി ഭൂകമ്പമല്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പട്ടനം ഒരല്പം ശാന്തമായത്. ദ്വീപിനടുത്തുള്ള ഏതോ കടല്‍ത്തിട്ടയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ മൂലമാണ് ഭൂമി ഉയര്‍ന്നു വന്നതെന്ന് ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
ഐസുകട്ടകള്‍ പെട്ടെന്ന് ഉരുകുന്നതിനാലാണ് ഇത്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. കടല്‍ നിരപ്പിന് ഏതാണ്ട് 10 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭൂമി ഇനി ഉയരാനും താഴ്ന്നു പോകാനും സാധ്യതയില്ലെന്നും വിദഗ്ദര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല