1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2024

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി കേരളത്തിൽ എത്തും. ശിനയാഴ്ച കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനത്തിൽ എത്തുന്ന പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടർ മാർഗം എത്തുമെന്നാണ് വിവരം. ദുരന്തബാധിത പ്രദേശങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.

പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കേരളം ഇന്നേവരെ കാണാത്ത വന്‍ദുരന്തത്തെ അതിജീവിക്കുമ്പോൾ, പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശം പ്രധാനമന്ത്രി സന്ദര്‍ശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ദുരന്തബാധിത പ്രദേശത്ത് ഒൻപതാം നാളും തിരച്ചിൽ തുടരുകയാണ്. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നുള്ള പരിശോധനയാണ് പ്രദേശത്ത് നടക്കുന്നത്. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധനയും നടത്തുന്നുണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ചൊവ്വാഴ്ച നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു.

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് താത്കാലിക പട്ടികയാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 154 പേരെയാണ് ദുരന്തത്തില്‍ കാണാതായിരുന്നത്. പട്ടികയില്‍ വിശദാംശങ്ങള്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ കഴിയുമെങ്കില്‍ അത് നല്‍കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

പട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പേര് വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയിലുള്ളവരില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ നിന്നുള്ളവരാണ്. മേപ്പാടിയില്‍ നിന്നുള്ള ഏതാനും പേരുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ആളുകളുടെ പേര്, റേഷന്‍ കാര്‍ഡ് നമ്പര്‍, മേല്‍വിലാസം, അടുത്ത ബന്ധുവിന്റെ പേര്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, കാണാതായവരുടെ ചിത്രം എന്നിവ ഉള്‍പ്പെടുത്തി വിശദമായ പട്ടികയാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്. പട്ടികയിൽ ചില ആളുകളുടെ പൂർണമായ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ ഉൾപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.