യുദ്ധക്കുറ്റം ആരോപിക്കുന്ന യുഎന്‍ പ്രമേയത്തില്‍ ഒപ്പു വച്ച ഇന്ത്യ, കശ്മീര്‍ വിഷയത്തില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ശ്രീലങ്ക. എല്‍ടിടിഇക്കെതിരേയുള്ള സൈനിക നടപടിക്കിടെ ലങ്കന്‍ സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്നാരോപിക്കുന്ന പ്രമേയം യുഎസ് കാര്‍മികത്വത്തിലുള്ളതായിരുന്നു. മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ ശ്രീലങ്കയെ പിന്തുണച്ചപ്പോള്‍ ഇന്ത്യ, പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നു. പ്രമേയത്തില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാടെടുക്കണമെന്ന് ലങ്കന്‍ സര്‍ക്കാര്‍ വക്താവ് ലക്ഷമണ്‍ യാപ അഭയ്വര്‍ധന പറഞ്ഞു.
അതേസമയം, ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ നിലപാടെന്ന് മനസിലാക്കിയതായി അഭയ്വര്‍ധന പൊതു റാലിക്കിടെ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍ ഭീകരവാദത്തിന്‍റെ കെടുതികള്‍ നേരിടേണ്ടിവരുമെന്ന് ലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രജപക്സെ പ്രതികരിച്ചതായി ലങ്കന്‍ വെബ്സൈറ്റ്. രാജ്യത്തിന്‍റെ പരമാധികാരത്തില്‍ ഇടപെടാന്‍ ബാഹ്യശക്തികളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള സമ്പത്തിക ബന്ധം പുനഃപരിശോധിക്കുമെന്ന് ശ്രീലങ്കന്‍ ഭരണ മുന്നണിയിലെ സഖ്യ കക്ഷി.
അയല്‍രാജ്യമായതുകൊണ്ടു മാത്രം അര്‍ക്കെങ്കിലും അനുഗുണമായ നടപടികള്‍ തങ്ങള്‍ കൈക്കൊള്ളില്ല.ഞങ്ങള്‍ എന്തെങ്കിലും തീരുമാനമെടുക്കുമ്പോള്‍ അത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാറുണ്ട്- ഭരണമുന്നണിയിലെ ജതിക ഹേല ഉരുമയ (ജെഎച്ച്യു) വക്താവ് ഉദയ ഗമന്‍പിള്ള പറഞ്ഞു. ഇതിനിടെ, ഗൂഗ്ള്‍ മെയ്ല്‍ ഉള്‍പ്പെടെ അമെരിക്കന്‍ ബ്രാന്‍ഡുകള്‍ പൂര്‍ണമായും ബഹിഷ്കരിക്കുമെന്ന് ലങ്കന്‍ ഭവനമന്ത്രി വിമല്‍ വീരവന്‍സ അറിയിച്ചു.
അതിനിടെ യുഎന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചത് സന്തുലനം മാത്രം ലക്ഷ്യമിട്ടെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യന്‍ നിലപാടില്‍ ദ്വീപ് രാഷ്ട്രം കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണു ലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രജപക്സെക്കു പ്രധാനമന്ത്രിയുടെ കത്ത്. തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല