സ്വന്തം ലേഖകന്‍: ലാവോസിലെ നിര്‍മാണത്തിലിരുന്ന അണക്കെട്ട് പേമാരിയില്‍ തകര്‍ന്നു; നൂറിലേറെപ്പേരെ കാണാതായി. തെക്കുകിഴക്കന്‍ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറിലേറെപ്പേരെ കാണാതാകുകയും ഒട്ടേറെപ്പേര്‍ മരിക്കുകയും ചെയ്തതായി ലാവോസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കംബോഡിയന്‍ അതിര്‍ത്തിയിലെ അറ്റാപ്പൂ പ്രവിശ്യയില്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന ഷെപിയാന്‍ ഷെ നാംനോയി അണക്കെട്ടാണ് കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച തകര്‍ന്നത്. അഞ്ഞൂറു കോടി ക്യുബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. അണക്കെട്ട് തകര്‍ന്ന് കുത്തിയൊഴുകിയ വെള്ളം ആറു ഗ്രാമങ്ങളിലൂടെ കുതിച്ചൊഴുകി നാശംവിതച്ചു.
വെള്ളപ്പാച്ചിലില്‍ ഈ പ്രദേശങ്ങളിലെ വീടുകള്‍ ഒലിച്ചുപോയി. 6,600 പേര്‍ക്ക് വീട് നഷ്ടമായതായി ലാവോസ് വാര്‍ത്താ ഏജന്‍!സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ലാണ് അണക്കെട്ടിന്റെ പണിയാരംഭിച്ചത്. 770 മീറ്റര്‍ നീളവും 16 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 410 മെഗാവാട്ടായിരുന്നു പദ്ധതിയുടെ ശേഷി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല