സ്വന്തം ലേഖകന്‍: അമേരിക്കയിലെ ചൂതാട്ട നഗരമായ ലാസ് വെഗാസില്‍ ഭീകരാക്രമണം, മരണം 59 കവിഞ്ഞു, വെടിവപ്പ് നടത്തിയത് ചൂതുകളി ഭ്രാന്തനായ മുന്‍ യുഎസ് സൈനികന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ലാസ് വെഗാസിലെ മന്‍ഡേല ബേ ഹോട്ടലില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അമേരിക്കയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ വെടിവെപ്പാണിത്.
64 കാരനായ സ്റ്റീഫന്‍ പെഡ്ഡോക് എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് പിന്നീട് വെടിവെച്ചു കൊന്നു. ഇയാള്‍ക്കൊപ്പം എത്തിയതെന്ന് കരുതുന്ന മരിലോ ഡാന്‍ലി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് പൊലീസ് നിരവധി തോക്കുകള്‍ കണ്ടെടുത്തു. ഹോട്ടലിലെ 32 ആം നിലയിലെ തുറന്ന വേദിയിലായിരുന്നു പരിപാടി നടന്നത്. സംഭവത്തെ തുടര്‍ന്ന് ലാസ് വെഗാസില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്റ്റീഫന്‍ പെഡ്ഡോക് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അക്കൗണ്ടന്റ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
അറുപത്തിനാലുകാരനായ ഇയാള്‍ക്ക് ചൂതുകളി ഹരമായതിനാല്‍ ‘പ്രഫഷണല്‍ ചൂതാട്ടക്കാരന്‍’ എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. നെവാഡയ്ക്കടുത്ത് മെസ്‌ക്വിറ്റിലേക്ക് 2015 ലാണ് ഇയാള്‍ താമസം മാറിയത്. ഇതുവരെ ഇയാളുടെ പേരിലുള്ളത് ഒരു ചെറിയ ട്രാഫിക് നിയമലംഘന കുറ്റം മാത്രം. തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫനെന്നും എന്തും വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നെന്നും സഹോദരന്‍ എറിക് പാഡകിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ 59 ഓളം പേര്‍ കൊല്ലപ്പെട്ട വെടിവെപ്പിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് വെടിവെപ്പ് നടത്തിയതെന്ന് ഐഎസ് അവകാശപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് ഇസ്‌ലാമിലേക്ക് മതംമാറിയ സൈനികനാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. ഐഎസ് അനുകൂല പ്രചരണസംഘത്തിന്റേതാണ് അവകാശവാദം. വെടിവെപ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കിയ രണ്ട് പ്രസ്താവനകളിലൂടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
എന്നാല്‍ ഇതില്‍ സ്റ്റീഫന്‍ പെഡ്ഡോകിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. ലാസ് വേഗസിലെ അക്രമി ഏതാനും മാസം മുന്‍പ് ഇസ്‌ലാം മതത്തിലേക്ക് മാറിയതാണെന്ന അവകാശവാദം എഫ്ബിഐ തള്ളി. രാജ്യാന്തര ബന്ധമുള്ള ഒരു ഭീകരസംഘടനയുമായും പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് യുഎസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. ലാസ് വെഗാസിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല