സ്വന്തം ലേഖകന്‍: ആഫ്രിക്കയില്‍ യുഎസ് വിമാനങ്ങള്‍ക്കു നേരെ ചൈനയുടെ ലേസര്‍ ആക്രമണം ഉണ്ടായതായി യുഎസ്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി.
സാധാരണയായി സൈനികരുടെ കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം അത്യാധുനിക ലേസറുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രണ്ടു പൈലറ്റുമാര്‍ക്കു പരുക്കേറ്റതായി പെന്റഗണ്‍ അറിയിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണു റിപ്പോര്‍ട്ട്. ജിബൂത്തിയില്‍ യുഎസിനും ചൈനയ്ക്കും സൈനിക താവളങ്ങളുണ്ട്. നാലായിരത്തിലധികം ആളുകള്‍ യുഎസ് സൈനിക താവളത്തിലുണ്ട്. കഴിഞ്ഞ വര്‍ഷമാണു ചൈന ഇവിടെ നാവിക താവളം തുറന്നത്.
അതേസമയം, ചൈനീസ് നാവികതാവളത്തില്‍നിന്നു യുഎസ് വിമാനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായെന്ന യുഎസ് ആരോപണം തെറ്റാണെന്നു ചൈന പ്രതികരിച്ചു. യുഎസ് പരാതി നല്‍കിയ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീങ് അറിയിച്ചു. എന്നാല്‍, ഏതാനും ആഴ്ചകളായി ജിബൂത്തിക്കു സമീപം ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്നാണ് യുഎസിന്റെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല