സ്വന്തം ലേഖകന്‍: ടേക് ഓഫ് ചെയ്ത് ഒരു മിനിറ്റിനുള്ളില്‍ വിമാനം ആടിയുലഞ്ഞു; വേഗം കൂടി; രണ്ട് മിനിറ്റ് കഴിഞ്ഞപ്പോക്ക് പൊങ്ങുകയും താഴുകയും ചെയ്തു; അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നു വീണു; തകര്‍ന്നുവീണ ഇത്യോപ്യന്‍ എയര്‍ലൈന്‍സിന് അവസാന മൂന്ന് മിനിറ്റില്‍ എന്താണ് സംഭവിച്ചത് എന്നാറിയാതെ ലോകം. അഡിസ് അബാബയില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.38 ന് 147 യാത്രക്കാരും എട്ടു ജീവനക്കാരുമായി ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇടി302 വിമാനം ടേക്ക് ഓഫ് ചെയ്യും വരെ ഒരു പ്രശ്‌നവും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് ആദ്യ രണ്ടു മിനിറ്റിനുള്ളില്‍ തന്നെ നിയന്ത്രണം നഷ്ടമായിരുന്നു.
തകര്‍ന്ന ഇത്യോപ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്ത നിമിഷം തന്നെ തകരാറിലായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് ആഗ്രഹിച്ചിരുന്നുവെന്നും റപ്പോര്‍ട്ടിലുണ്ട്. പൈലറ്റ് തിരിച്ചിറങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് സന്ദേശമയക്കുമ്പോള്‍ തന്നെ വിമാനം (ബോയിങ് 737 മാക്‌സ് 8 മോഡല്‍) ആടിയുലയുകയായിരുന്നു. ടേക്ക് ഓഫ് ചെയ്ത് ആദ്യ രണ്ടു മിനിറ്റില്‍ തന്നെ വിമാനം ഏകദേശം 100 മീറ്റര്‍ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു.
വിമാനത്തിന് കാര്യമായി എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ആ നിമിഷം തന്നെ എയര്‍ട്രാഫിക് കണ്‍ട്രോളിനും വിമാനം ട്രാക്ക് ചെയ്യുന്നവര്‍ക്കും മനസ്സിലായിരുന്നു. അടുത്ത മിനിറ്റുകളില്‍ തന്നെ വന്‍ ദുരന്തം സംഭവിക്കുകയും ചെയ്തു. ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ നൈറോബിയിലേക്കു പുറപ്പെട്ട ‘ഫ്‌ളൈറ്റ് 302’ ആണ് പറന്നു പൊങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ തകര്‍ന്നു വീണത്. വിമാനത്തലുണ്ടായിരുന്ന 157 പേരും മരിച്ച ഈ അപകടത്തിലെ കോക്പിറ്റ് സംഭാഷണമാണ് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വിമാനം അഡിസ് ആബാബാ എയര്‍പോര്‍ട്ടല്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ ശേഷം അപകടകരമായ വേഗത്തിലേക്ക് എത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഡാര്‍ ഡേറ്റ പരിശോധിച്ച പൈലറ്റുമാര്‍ പറയുന്നത്, വിമാനം പതിവില്ലാത്ത രീതിയില്‍ ആക്‌സിലറേറ്റു ചെയ്തു കുതിച്ചു എന്നാണ്. വിമാനത്തിന്റെ സഞ്ചാരത്തിലെ ഏറ്റവും അസാധാരണമായ കാര്യം അതിന്റെ വേഗമാണ്. ഇനി അത് എന്തുകൊണ്ടു സംഭവിച്ചുവെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് അമേരിക്കയിലെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്റെ ചെയര്‍മാന്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല