കുട്ടിക്രിക്കറ്റിന്റെ ആരാധകര്‍ക്ക് കൊട്ടിപ്പാടാന്‍ ഒരു പുതിയ പേരു കൂടി. അരുണ്‍ കാര്‍ത്തിക്. അവസാന പന്തില്‍ അരുണ്‍ നേടിയ അവിശ്വസനീയമായ സിക്‌സര്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു നേടിക്കൊടുത്തത് ചാമ്പ്യന്‍സ് ലീഗിലെ സെമി ബര്‍ത്താണ്. ജയിക്കാന്‍ 215 റണ്‍സ് വേണ്ടിയിരുന്ന റോയല്‍ ചാലഞ്ചേഴ്‌സിന് അവസാന പന്തില്‍ വേണ്ടിയിരുന്നത് ആറു റണ്‍സായിരുന്നു. പന്തു നേരിട്ട അരുണ്‍ കാര്‍ത്തിക് ഡാനിയല്‍ ക്രിസ്റ്റിയനെ മിഡ്‌വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലേയ്ക്ക് പറത്തിയപ്പോള്‍ അവിശ്വസനീയമായാണ് തിങ്ങിനിറഞ്ഞ ആരാധകര്‍ കണ്ടുനിന്നത്. നേരിട്ട രണ്ടാം പന്താണ് ജാവേദ് മിയാന്‍ദാദിനെ അനുസ്മരിപ്പിച്ചുകൊണ്ട് അരുണ്‍ സിക്‌സര്‍ പറത്ത് ടീമിന് ആവേശകരമായ രണ്ടു വിക്കറ്റ് ജയം സമ്മാനിച്ചത്.
നേരത്തെ 36 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത വിരാട് കോലിയും 47 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത തിലകരത്‌നെ ദില്‍ഷനും ഉജ്വമായ അടിത്തറയാണ് ചാലഞ്ചേഴ്‌സിന് ഒരുക്കിയത്. ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ 15 പന്തില്‍ നിന്ന് 36 റണ്‍സെടുത്തിരുന്നു. 65 റണ്‍സായിരുന്നു ചാലഞ്ചേഴ്‌സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട്. ഇതിന്റെയും തുടര്‍ന്നു വന്ന ദില്‍ഷന്‍-കോലി ജോഡിയുടെ രണ്ടാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടിന്റെയും ഉറച്ച അടിത്തറ പക്ഷേ, തുടര്‍ന്നു വന്നവര്‍ക്ക് മുതലാക്കാനായില്ല. സൗരഭ് തിവാരിയും (9) അഗര്‍വാളും (6) വെട്ടോറിയും (8) എല്ലാം നിസാര സ്‌കോറിന് മടങ്ങിയതാണ് മത്സരം അവസാനപന്തിലേയ്ക്ക് വലിച്ചുനീട്ടാന്‍ ഇടയാക്കിയത്.
സൗത്ത് ഓസ്‌ട്രേലിയക്കുവേണ്ടി ഷോണ്‍ ടെയ്റ്റ് 32 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തു. നേരത്തെ ഡാനിയല്‍ ഹാരിസിന്റെ കിടയറ്റ സെഞ്ച്വറിയുടെ (108) ബലത്തിലാണ് സൗത്ത് ഓസ്‌ട്രേലിയ 214 റണ്‍സ് അടിച്ചെടുത്തത്. 61 പന്തില്‍ നിന്നായിരുന്നു ഹാരിസിന്റെ സെഞ്ച്വറി. ഫെര്‍ഗൂസന്‍ 43 പന്തില്‍ നിന്ന് 70 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സാണ് നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല