സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തുവാരിയതായി ഇറാഖി സൈന്യം, ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അവസാന നഗരവും മോചിപ്പിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റാവയില്‍ നിന്നാണ് മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം ഐഎസിനെ തുരത്തിയത്. റാവ പൂര്‍ണമായും തിരിച്ചു പിടിച്ച സൈന്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തിയതായും ഇതോടെ ഇറാഖ് പൂര്‍ണമായും ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചതായും സേനാ വക്താവ് ലഫ്. ജനറല്‍ അബ്ദുല്‍ അമീര്‍ റഷീദ് അറിയിച്ചു.
യുഫ്രട്ടിസ് നദിയോടു ചേര്‍ന്നുള്ള റാവ നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഐഎസിന്റെ പിടിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അവിടങ്ങളിലാണ് 17ന് അതിരാവിലെ മുതല്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. റാവ നിവാസികള്‍ക്ക് ഒരാഴ്ചയായി റേഡിയോയിലൂടെ സൈന്യം നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ടായിരുന്നു. സൈന്യം പ്രവേശിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ചായിരുന്നു നിര്‍ദേശങ്ങള്‍. റാവയില്‍ നിന്ന് അതിര്‍ത്തിയിലെ മരുഭൂമിയിലേക്കു പലായനം ചെയ്ത ഐഎസ് ഭീകരരെ തുരത്തുകയാണ് സൈന്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിറിയ, ഇറാഖ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍ ഐഎസിന്റെ അവസാന താവളമായ അല്‍ബു കമലിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത പോരാട്ടം നടക്കുകയാണ്. അല്‍ബു കമല്‍ സൈന്യം പിടിച്ചെടുത്തെങ്കിലും തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഐഎസ് ഭീകരര്‍ തിരിച്ചടിച്ചതോടെ സൈനികര്‍ പിന്തിരിയുകയായിരുന്നു. സിറിയയിലെ റാഖയും ഇറാഖിലെ മൊസൂളും ഉള്‍പ്പെടെ ഐഎസിന്റെ ശക്തികേന്ദ്രങ്ങളെല്ലാം ഇതോടെ തിരിച്ചുപിടിച്ചതോടെ ഭീകര സംഘടനയുടെ പതനം ആസന്നമായതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല