സ്വന്തം ലേഖകൻ: ക്യാപ്റ്റന്‍ ഫന്റാസ്റ്റിക് എന്ന വിശേഷണം സ്വന്തമാക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളര് സുനില്‍ ഛേത്രിക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കും.
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ കുവൈറ്റിന് എതിരേയാണ് സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം. രാത്രി ഏഴിന് കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഛേത്രിക്കായി ഇന്ത്യ ഇറങ്ങും.
39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. അദ്ദേഹം 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയിട്ടുണ്ട്. രാജ്യാന്തര അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടിയ താരമാണ് ഛേത്രി. 2005 ജൂണ്‍12ന് ചിരവൈരികളായ പാക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ കന്നിഗോള്‍.
സജീവ ഫുട്ബോള്‍ രംഗത്ത് ഉള്ള കളിക്കാരില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (128), അര്‍ജന്റെെന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും (106) മാത്രമാണ് ഛേത്രിയേക്കാള്‍ കൂടുതല്‍ ഗോള്‍ രാജ്യാന്തര വേദിയില്‍ സ്വന്തമാക്കിയിട്ടുള്ളത്. രാജ്യാന്തര ഫുട്ബോളില്‍ ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തോടെയാണ് ഛേത്രി ബൂട്ട് അഴിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇറാന്റെ മുന്‍ താരം അലി ദേയി (108), ലയണല്‍ മെസി എന്നിവര്‍ക്ക് പിന്നിലാണ് ഛേത്രിയുടെ സ്ഥാനം.
2005ല്‍ സുനില്‍ ഛേത്രി രാജ്യാന്തര അരങ്ങേറ്റം നടത്തിയതിനുശേഷം ഇന്ത്യ നേടിയ ആകെ ഗോളുകളില്‍ 37 ശതമാനവും ഛേത്രിയില്നിന്നാണ് പിറന്നത്. 2024വരെയായുള്ള 19 വര്‍ഷത്തിനിടെ ഇന്ത്യ 256 ഗോള്‍ നേടി, ഛേത്രി 94ഉം. ഇന്ത്യയുടെ 256 ഗോള്‍ 184 മത്സരങ്ങളില്‍നിന്നാണ്.
ഛേത്രിയുടേത് 150 കളികളില്നിന്നാണെന്നതാണ് ശ്രദ്ധേയം. 2019നുശേഷം ഇന്ത്യ നേടിയ ഗോളുകളില്‍ 49 ശതമാനവും ഛേത്രിയുടെ വകയായിരുന്നു എന്നതും മറ്റൊരു വാസ്തവം. മേയ് 16ന് ആണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല