സ്വന്തം ലേഖകന്‍: ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയുടെ വിടവാങ്ങള്‍ പ്രസംഗം. മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഭൂരിപക്ഷം തെളിയിച്ച തന്റെ സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനാറാമത് പാര്‍ലമെന്റിന്റെ അവസാന സമ്മേളനത്തില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തവെ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ സ്ത്രീപ്രാതിനിധ്യമുള്ള പാര്‍ലമെന്റായിരുന്നു 16ആമത് പാര്‍ലമെന്റ്. 17 തവണയാണ് സഭ സമ്മേളിച്ചത്. ഇക്കാലയളവില്‍ 200ല്‍ അധികം ബില്ലുകള്‍ പാസാക്കി. ജി.എസ്.ടി, ആധാര്‍ എന്നിവ കൊണ്ടുവന്നതും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടിയതും മോദി എടുത്തുപറഞ്ഞു. മൂന്ന് പതിറ്റാണ്ടിന് ശേഷം ഭൂരിപക്ഷം തെളിയിച്ച സര്‍ക്കാര്‍ വന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അഭൂതപൂര്‍വമായ വികസനം സാധ്യമാക്കാനും സഹായിച്ചെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മോദി അവകാശപ്പെട്ടു.
അതേസമയം വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിക്കാനും മോദി മറന്നില്ല. സാധാരണ ആലിംഗനവും നിര്‍ബന്ധിത ആലിംഗനവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തനിക്ക് മനസിലാക്കാന്‍ സാധിച്ചത് ഈ സഭയില്‍ വന്നതിന് ശേഷമാണെന്ന് സഭയില്‍ വെച്ച് തന്നെ ആലിംഗനം ചെയ്ത രാഹുലിനെ പരോക്ഷമായി പരിഹസിച്ച് മോദി കൂട്ടിച്ചേര്‍ത്തു. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും അതിന് മുലായം സിങ് യാദവിന്റെ ആശീര്‍വാദം അനുഗ്രഹമാകട്ടെയെന്നും കൂടി പറഞ്ഞാണ് മോദി തന്റെ വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല