തന്റെ കരിയറില്‍ എന്തെല്ലാം റിക്കാര്‍ഡുകളും നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന ഒന്നാണ് ലോകകപ്പ് കിരീടം. അതു സാധിച്ചത് സച്ചിന്റെ സ്വന്തം മൈതാനമായ മുംബൈ വാങ്കഡെ സ്റേഡിയത്തിലാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ലോകകിരീടം ഉയര്‍ത്തി. അതിനുശേഷം ഒരു അന്താരാഷ്ട്ര മത്സരം ഇപ്പോഴാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ് ഇന്ന് മുംബൈയില്‍ തുടങ്ങും.
സച്ചിന്‍ മറ്റൊരു ചരിത്രനേട്ടത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്ക്കുമ്പോള്‍ വാങ്കഡെയിലെ ടെസ്റ്റ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ്. എട്ടുമാസമായി മാറിനില്ക്കുന്ന നൂറാം സെഞ്ചുറി എന്ന നേട്ടം സ്വന്തം കുടുംബത്തിന്റെയും ആരാധകരുടെയും മുന്നില്‍ തന്നെ താലോലിച്ചുവളര്‍ത്തിയ മൈതാനമധ്യത്തില്‍ സച്ചിന് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍.
വാങ്കഡെ മൈതാനത്തെ എന്നും പ്രണയിച്ചിരുന്ന സച്ചിന്‍ ബാറ്റുമായി മൈതാനമധ്യത്ത് എത്തുമ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ കാത്തിരിക്കുകയാണ് അവര്‍. എന്നാല്‍, വാങ്കഡെയില്‍ സച്ചിന്റെ പ്രകടനം അത്ര മികച്ചതല്ല. ഏകദിനത്തിലും ടെസ്റിലും ഓരോ സെഞ്ചുറി മാത്രമാണ് സച്ചിന് ഇവിടെ നേടാനായിട്ടുള്ളത്.
പരമ്പര ഇന്ത്യ 2-0നു നേരത്തെ നേടിയെങ്കിലും സച്ചിന് സ്വന്തം നാട്ടില്‍ ചരിത്രനേട്ടം കൈവരിക്കാന്‍ അവസരം എന്നനിലയില്‍ വാങ്കഡെ ടെസ്റ് ശ്രദ്ധേയമാകുന്നു. ലോകകപ്പില്‍ മാര്‍ച്ച് 12ന് നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ സെഞ്ചുറി സച്ചിന്റെ കരിയറിലെ 99-ാം സെഞ്ചുറിയായിരുന്നു. പിന്നീട് ഇംഗ്ളണ്ട് പര്യടനത്തില്‍ ഓവല്‍ ടെസ്റ്റില്‍ സച്ചിന്‍ 91 റണ്‍സെടുത്തു പുറത്തായി. വിന്‍ഡീസിനെതിരേ ഫിറോസ് ഷാ കോട്ലയില്‍ 76 റണ്‍സും നേടിയെങ്കിലും നൂറാം സെഞ്ചുറിനേട്ടം അകന്നുനിന്നു. എന്തായാലും വാങ്കഡെ കാത്തിരിക്കുകയാണ്, സച്ചിന്‍ ക്രീസിലിറങ്ങാന്‍.
ലക്ഷ്യം സമ്പൂര്‍ണവിജയം
മുംബൈയില്‍ മൂന്നാം ടെസ്റിനിറങ്ങുമ്പോള്‍ ധോണിയുടെയും സംഘത്തിന്റെയും ലക്ഷ്യം വിന്‍ഡീസിനെതിരായ പരമ്പര 3-0നു നേടുക എന്നതാണ്. എല്ലാക്കണ്ണുകളും സച്ചിന്റെ ബാറ്റില്‍ ഉടക്കുമെങ്കിലും ഇന്ത്യയുടെ വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നു ധോണി സൂചിപ്പിച്ചുകഴിഞ്ഞു. ഫിറോസ് ഷാ കോട്ലയില്‍ നടന്ന ആദ്യ ടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ മാത്രമാണ് ഇന്ത്യന്‍ ടീം പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തത്. ആ ടെസ്റ് ആധികാരികമായി ജയിച്ചുവെങ്കിലും ബാറ്റിംഗ് പരാജയപ്പെട്ടിരുന്നു.
എന്നാല്‍, അവിടെനിന്ന് കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയപ്പോള്‍ ഇന്ത്യയുടെ വിജയം ആധികാരികമായി. വി.വി.എസ്. ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ധോണിയുമൊക്കെ തകര്‍ത്താടിയ പിച്ചില്‍ ബൌളിംഗിലും ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു. പ്രഗ്യാന്‍ ഓജയും രവിചന്ദ്ര അശ്വിനും ഉമേഷ് യാദവും ഇന്ത്യയുടെ ഭാവിതാരങ്ങളാണെന്ന സൂചന നല്കിയാണ് ടെസ്റ്റ് അവസാനിച്ചത്.
മോശം ഫോമിനെത്തുടര്‍ന്ന് മധ്യനിര ബാറ്റ്സ്മാന്‍ യുവ്രാജ് സിംഗിനെ ഒഴിവാക്കിയപശ്ചാത്തലത്തില്‍ പകരക്കാരനായി വന്ന രോഹിത് ശര്‍മ ഇന്നു കളിക്കില്ലെന്നാണ് സൂചന. യുവിക്കുപകരം വിരാട് കോഹ്ലിയാകും കളിക്കുന്നത്. മറ്റു മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല.
ചന്ദര്‍പോള്‍ കളിച്ചേക്കും
ഒരു മത്സരമെങ്കിലും പരാജയപ്പെടാതെ ഏകദിനപരമ്പരയ്ക്കിറങ്ങുക എന്ന ലക്ഷ്യമാകും വിന്‍ഡീസിന്. പേശീവലിവു മൂലം കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിനിറങ്ങാതിരുന്ന വെസ്റിന്‍ഡീസിന്റെ മുന്‍ മധ്യനിര ബാറ്റ്സ്മാന്‍ ശിവ്നാരായന്‍ ചന്ദര്‍പോള്‍ ഇന്നു കളിക്കുമെന്ന് ക്യാപ്റ്റന്‍ ഡാരന്‍ സമ്മി പറഞ്ഞു. ഡാരന്‍ ബ്രാവോയും കിര്‍ക് എഡ്വേര്‍ഡ്സും മികച്ച ഫോമിലാണെന്നത് വിന്‍ഡീസിന് ആശ്വാസമാണ്.
കഴിഞ്ഞമത്സരത്തില്‍ കളിക്കാതിരുന്ന പേസര്‍ രവി രാംപോള്‍ ഇന്നു കളിക്കും. വേഗമേറിയതും ബൌണ്‍സുള്ളതുമായ സ്പോര്‍ട്ടിംഗ് വിക്കറ്റാണ് മുംബൈയിലേതെന്ന് ക്യൂറേറ്റര്‍ സുധീര്‍ നായ്ക് പറഞ്ഞത്. കളിപുരോഗമിക്കുന്തോറും സ്പിന്നിനെയും തുണയ്ക്കും. ലോകകപ്പിനോടനുബന്ധിച്ച് വാങ്കഡെ സ്റ്റേഡിയം മോടിപിടിപ്പിച്ചിരുന്നു.
കളി കണക്കില്‍
ടെസ്റ് പരമ്പരയില്‍ ഇന്ത്യയെ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരേ മാത്രമാണ് ഇന്ത്യ നാട്ടില്‍ പരാജയപ്പെട്ടത്. 21 റണ്‍സ് കൂടി നേടാനായാല്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്് ടെസ്റ് ക്രിക്കറ്റില്‍ 13000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകും.
സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമത്. അഞ്ചു സെഞ്ചുറി ഈ വര്‍ഷം നേടിയ ദ്രാവിഡിന്റേത് 2002നുശേഷമുള്ള മികച്ച പ്രകടനമാണ്. 117 റണ്‍സ്കൂടി നേടിയാല്‍ വിരേന്ദര്‍ സെവാഗ് ടെസ്റില്‍ 8000 റണ്‍സ് തികയ്ക്കും. ആദ്യ ഇന്നിംഗ്സില്‍ ഈ നേട്ടം കൈവരിക്കാനായാല്‍ വേഗത്തില്‍ 8000 തികയ്ക്കുന്നവരുടെ പട്ടികയില്‍ അഞ്ചാമനാകും. രണ്ടു സിക്സറുകള്‍കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ സിക്സുനേടുന്നവരില്‍ സെവാഗ് രണ്ടാമനാകും. ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റാണ് ഒന്നാമത്. 89 സിക്സറാണ് ഗില്ലിയുടെ സംഭാവന.
വാങ്കഡെയില്‍ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ ഏഴുമത്സരങ്ങളില്‍ രണ്െടണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ വിന്‍ഡീസ് ഒരെണ്ണത്തില്‍ ജയിച്ചു. നാലെണ്ണം സമനിലയിലായി. ഇരുവരും ഇവിടെ അവസാനം ഏറ്റുമുട്ടിയത് 2007ലാണ്. അന്ന് ഇന്നിംഗ്സിനും 11 റണ്‍സിനും ഇന്ത്യ ജയിച്ചു.മത്സരം രാവിലെ 9.30ന് ആരംഭിക്കും. നിയോക്രിക്കറ്റില്‍ തത്സമയ സംപ്രേഷണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല