പ്രതിവര്‍ഷം 34,000 പൗണ്ട് ബെനിഫിറ്റ് കൈപ്പറ്റുന്ന പത്ത് മക്കളുടെ അമ്മ വലിയൊരു വീട് വേണമെന്ന ആവശ്യവുമായി രംഗത്ത്. നിലവില്‍ താമസിക്കുന്ന മൂന്ന കിടക്കമുറികളുളള ടെറസ് വീട്ടില്‍ എല്ലാവര്ക്കും കൂടി താമസിക്കാന്‍ സൗകര്യമില്ലെന്ന കാരണത്താലാണ് കുറച്ചുകൂടി വലിയൊരു വീട് വേണമെന്ന് ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലാറ്റ്വിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ലിന്‍ഡ കൊസ്ലോവ്സ്ക (31) എന്ന സ്ത്രീയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശം ഉന്നയിച്ചിരിക്കുന്നത്.
2008ലാണ് സിംഗിള്‍ മദറായ ലിന്‍ഡ ഏഴ് മക്കളുമായി ബ്രിട്ടനിലേക്ക് കുടിയേറിയത്. നാല് വര്‍ഷത്തിനിടയ്ക്ക് മക്കളുടെ എണ്ണം പത്തായി ഉയര്‍ന്നു. ക്ലീനറായ ലിന്‍ഡ കൗണ്‍സിലിന്റെ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. നിലവില്‍ ഒരു സ്വകാര്യവ്യക്തിയുടെ വീട് ആഴ്ചയില്‍ 100 പൗണ്ട് വാടകയ്ക്ക് ലിന്‍ഡയ്ക്ക് നല്‍കിയിരിക്കുകയാണ് ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ കൗണ്‍സിലാണ് ലിന്‍ഡയ്ക്ക് വേണ്ടി വീടിന്റെ വാടക നല്‍കുന്നത്.
പത്ത് കുട്ടികളും വീടിന്റെ കിടപ്പുമുറികളിലും ലിവിംഗ് റൂമുകളിലുമായാണ് കഴിയുന്നത്. സ്ഥലത്തിന്റെ ഞെരുക്കം കാരണം കുട്ടികള്‍ കിടക്കകളും മറ്റും പങ്കിട്ടാണ് ഉപയോഗിക്കുന്നത്. ജീവിക്കാനായാണ് താന്‍ ലാറ്റ്വിയയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വന്നതെന്നും അതിനാല്‍ കൂടുതല്‍ വലിയ വീട് വേണമെന്നും ലിന്‍ഡ വാദിക്കുന്നു. വര്‍ക്കിംഗ് ടാക്സ് ക്രഡിറ്റ്, ചൈല്‍ഡ് ടാക്സ് ക്രഡിറ്റ് ഇനത്തിലുമായി 527 പൗണ്ട് ആഴ്ചയില്‍ ലിന്‍ഡ കൈപ്പറ്റുന്നുണ്ട്. കൂടാതെ 127 പൗണ്ട് ചൈല്‍ഡ് ബെനിഫിറ്റും കിട്ടുന്നുണ്ട്. അതായത് പ്രതിവര്‍ഷം 34,000 പൗണ്ട്.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു നഴ്സിന് പ്രതിവര്‍ഷം ലഭിക്കുന്ന വരുമാനം വെറും 21,000 പൗണ്ടാകുമ്പോഴാണ് ആനുകൂല്യമായി മാത്രം ലിന്‍ഡ ഇത്രയേറെ തുക കൈപ്പറ്റുന്നത്. ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ലാറ്റ്വിയയേക്കാള് ഉദാരമാണ് ബ്രിട്ടന്. ലാറ്റ്വിയില് പ്രതിമാസം ഒരു കുട്ടിക്ക് കിട്ടുന്ന ആനുകൂല്യം വെറും 9.26 പൗണ്ടാണ്. ലാറ്റ്വിയന് ദമ്പതികള്‍ക്ക് 1,865 പൗണ്ട് വരെ ഒരു കുട്ടിക്ക് ആനുകൂല്യമായി അവകാശപ്പെടാവുന്നതാണ്. എന്നാല്‍ കുട്ടിക്ക് 18 വയസ്സ് ആകുന്നതോടെ ബെനിഫിറ്റ് കുറയാന്‍ തുടങ്ങും. ഇളയ മൂന്ന് കുട്ടികളും ബ്രിട്ടനിലാണ് ജനിച്ചത്. കൗണ്‍സില്‍ അധികൃതരാണ് വീടിന് വാടക നല്‍കുന്നത് ലിന്‍ഡയുടെ ഹൗസ് ഓണറും സമ്മതിച്ചിട്ടുണ്ട്. എന്നാലും വലിയ വീട് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ലിന്‍ഡ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല