1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2024

സ്വന്തം ലേഖകൻ: ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ അകപ്പെട്ട അവസ്ഥയിലാണ്. 45 ദിവസമാണ് സ്റ്റാർലൈനറിന്റെ ഡോക്കിങ് കാലാവധി. അതായത് 45 ദിവസങ്ങൾ ഇതു സുരക്ഷിതമായി നിലയവുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യും. ഈ കാലാവധി 90 ദിവസമാക്കാനാണ് ഇപ്പോൾ നാസ അധികൃതരുടെ ശ്രമം.

ന്യൂമെക്‌സിക്കോയിൽ സ്റ്റാർലൈനറിന്റെ ത്രസ്റ്റർ തകരാർ പരിഹരിക്കുന്നതു സംബന്ധിച്ച പഠനങ്ങൾ നടക്കുന്നുണ്ട്. എന്താണ് പ്രശ്‌നമെന്നു കണ്ടെത്താനായുള്ള പരീക്ഷണമാണ് ഇത്. 3 ആഴ്ചകളെടുത്താകും പരീക്ഷണം പൂർത്തിയാകുകയെന്നാണു കരുതുന്നത്. പരീക്ഷണത്തിനു തന്നെ ഇത്രയും കാലമെടുക്കുന്ന സ്ഥിതിക്കു യഥാർഥ ദൗത്യം വരാനും സുനിത ഭൂമിയിലെത്താനും കാലതാമസം എടുക്കും.

ജൂൺ ആറിന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഡോക്ക് ചെയ്യാൻ സാധാരണയിലും ഒരു മണിക്കൂർ സമയം അധികമെടുത്തിരുന്നു. സ്റ്റാർലൈനറിന്റെ 28 ത്രസ്റ്ററുകളിൽ 5 എണ്ണത്തിനു തകരാർ നേരിട്ടതുകൊണ്ടാണ് വൈകിയത്. ബോയിങ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പ്രൊപ്പൾഷൻ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി ഇതിൽ നാലു ത്രസ്റ്ററുകൾ പ്രവർത്തനക്ഷമമാക്കി. ഒരു ത്രസ്റ്റർ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. 8 ദിവസമായിരുന്നു ഈ ത്രസ്റ്ററിന്റെ കാലാവധി.

നിലയത്തിലേക്ക് ആദ്യമായി എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണു സുനിതയും എത്തിയത്. എന്നാൽ പേടകത്തിന്റെ ത്രസ്റ്ററുകൾ തകരാറിലായതോടെ സുനിത ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഏതായാലും സുനിതയുടെ തിരിച്ചുവരവ് സംഭവിക്കാൻ ഇനി മാസങ്ങളെടുത്തേക്കുമെന്നാണ് നാസയുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇക്കാര്യങ്ങളിലൊന്നും പേടിക്കേണ്ട യാതൊരു കാര്യവുമില്ലെന്നു നാസ പറയുന്നു. ബഹിരാകാശനിലയത്തിൽ ഇവർക്കുള്ള ഭക്ഷണമുൾപ്പെടെ സകലസാമഗ്രികളും സ്റ്റോക്കുണ്ട്. ഇത്രയും ദിവസങ്ങൾ അവിടെ തള്ളിനീക്കുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല.

സുനിതയെ തിരിച്ചെത്തിക്കാനായി ഇലോൺ മസ്‌കിന്‌റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ സഹായം നാസ തേടുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും തൽക്കാലം അതിനു സാധ്യതയില്ലെന്നാണു നാസയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്‌പേസ് എക്‌സിന്റെ സഹായം തൽക്കാലം തേടേണ്ട കാര്യമില്ലെന്നാണു നാസയുടെയും സ്റ്റാർലൈനറിന്റെ മാതൃകമ്പനിയായ ബോയിങ്ങിന്റെയും തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.