സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് കാഴ്ചയ്ക്ക് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഗുരത്വാകര്‍ഷണ ബലമില്ലാതെ ഭാരമില്ലായ്മയില്‍ ദീര്‍ഘനാള്‍ നില്‍ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്പേസ് ഫ്ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലാര്‍ സിന്‍ഡ്രോം (സാന്‍സ്) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്ന ഈ പ്രശ്നം കാഴ്ച പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഈ അവസ്ഥയുണ്ടാകുന്നതോടെ കാഴ്ച മങ്ങും.
കണ്ണിന്റെ ഘടനയിലും മാറ്റമുണ്ടാക്കിയേക്കാം. സുനിത വില്യംസിന്റെ കണ്ണിന്റെ ആരോഗ്യം പരിശോധിക്കുന്നതിനായി റെറ്റിന, കോര്‍ണിയ, ലെന്‍സ് എന്നിവയുടെ സ്കാനുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ബഹിരാശ സഞ്ചാരികളില്‍ സാധാരണമാണ്.
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള യാത്രയുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും ബച്ച് വില്‍മറും. ഇവര്‍ സഞ്ചരിച്ച പേടകത്തിനുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് എട്ടോ പത്തോ ദിവസം മാത്രം നിശ്ചിയിച്ചിരുന്ന ദൗത്യം ഇരുവരുടെയും ബഹിരാകാശ നിലയത്തിലെ താമസം അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീട്ടിയിരിക്കുകയാണ്.
2024 സെപ്റ്റംബറില്‍ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ദൗത്യ സംഘാംഗങ്ങള്‍ തിരിച്ചുവരുമ്പോള്‍ സുനിത വില്യംസും വില്‍മോറും ആ പേടകത്തില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ എട്ട് മാസക്കാലം ഇരുവരും നിലയത്തില്‍ കഴിയേണ്ടി വരും. 2025 ഫെബ്രുവരിയിലാണ് സ്പേസ് എക്സ് പേടകം തിരിച്ചുവരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല