1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2022

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇന്ത്യക്കാരന്‍ ലക്ഷ്മണ്‍ നരസിംഹന്‍ അടുത്തിടെയാണ് നിയമിതനായത്. മികച്ച ശമ്പളത്തിനാണ് ലക്ഷ്മണ്‍ നരസിംഹനെ സ്റ്റാര്‍ബക്‌സ് സിഇഒ ആയി നിയമിച്ചതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കമ്പനി ഏല്‍പ്പിച്ചിട്ടുള്ള ലക്ഷ്യം അദ്ദേഹം നിറവേറ്റുകയാണെങ്കില്‍ 140 കോടി രൂപ വാര്‍ഷിക ശമ്പളമായി നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റെക്കിറ്റ് ബെന്‍കീസറിന്റെ മേധാവി സ്ഥാനത്ത് നിന്നാണ് ലക്ഷ്മണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സിലേക്കെത്തുന്നത്. റെക്കിറ്റ് ബെന്‍കീസറില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 55 കോടി രൂപയോളമായിരുന്നു.

ഇരട്ടിയിലധികം വാര്‍ഷിക ശമ്പളത്തില്‍ പുതിയ ചുമതലയിലെത്തുന്ന അദ്ദേഹത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. അഞ്ചു പതിറ്റാണ്ടിന്റെ വിജയ ചരിത്രമുള്ള സ്റ്റാര്‍ബക്‌സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,000 ത്തോളം ശാഖകളുണ്ട്. ഒക്ടോബര്‍ ഒന്നിന് ലക്ഷ്മണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സ് സിഇഒ ആയി ചുമതലയേല്‍ക്കും.

ഒക്ടോബര്‍ ഒന്നിന് ഔപചാരികമായി സിഇഒ പദവിയിലെത്തുമെങ്കിലും അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു വരെ ഇടക്കാല സിഇഒ ഹൊവാര്‍ഡ് ഷുള്‍ട്‌സുമായി ചേര്‍ന്നാകും പ്രവര്‍ത്തിക്കുക. 2023 ഏപ്രില്‍ ഒന്നിനാണ് ബോര്‍ഡില്‍ ചേരുക.

അന്താരാഷ്ട്ര ഉപഭോക്തൃ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിലും കണ്‍സള്‍ട്ടിംഗ് ചെയ്യുന്നതിലും നരസിംഹന് ഏകദേശം 30 വര്‍ഷത്തെ പരിചയമുണ്ട്. പുണെ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം, പെപ്‌സികോയില്‍ അതിന്റെ ഗ്ലോബല്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ നിരവധി എക്‌സിക്യൂട്ടീവ് പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.