സ്വന്തം ലേഖകൻ: മുൻനിര ടെക് കമ്പനികളെല്ലാം കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് ജോലി പോകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ഫെയ്സ്‌ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ 10,000 ജീവനക്കാരെ കൂടി പിടിച്ചുവിടാൻ പോകുകയാണെന്ന് അറിയിച്ചു കഴിഞ്ഞു.
ജോലിയിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുന്നതിനാൽ ബുധനാഴ്ച മെറ്റ വ്യാപകമായ പിരിച്ചുവിടൽ ആരംഭിക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫെയ്സ്‌ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം, റിയാലിറ്റി ലാബ്‌സ് തുടങ്ങി വിഭാഗങ്ങളിൽ നിന്നെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മാർക്ക് സക്കർബർഗ് നേരത്തേ പ്രഖ്യാപിച്ചതുപോലെ കമ്പനിയിലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നത് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ്.
കഴിഞ്ഞ നവംബറിൽ മെറ്റ 13 ശതമാനം വരുന്ന 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വർഷത്തെ ആ പാദത്തിൽ കമ്പനി പുതിയ നിയമനങ്ങൾ മരവിപ്പിക്കുകയും റിക്രൂട്ടിങ് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. മറ്റ് സിലിക്കൺ വാലി കമ്പനികളും സമാനമായ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചു. ടെക്കികളുടെയും എൻജിനീയർമാരുടെയും ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും അനുപാതം പുനഃക്രമീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സക്കർബർഗ് പ്രസ്താവിച്ചു.
കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രധാന ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള സക്കർബർഗിന്റെ ശ്രമത്തിന്റെ ഭാഗമാണ് പിരിച്ചുവിടൽ. ഉപയോക്തൃ ഡേറ്റ കൈകാര്യം ചെയ്യുന്നതിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും മെറ്റ വലിയ വിമർശനം നേരിട്ടിരുന്നു. ‘സ്വകാര്യത കേന്ദ്രീകരിച്ചുള്ള സോഷ്യൽ പ്ലാറ്റ്‌ഫോം’ സ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും മെസേജിങ്, ഇ-കൊമേഴ്‌സ് ബിസിനസുകളിൽ കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും സക്കർബർഗ് പറഞ്ഞു.
പിരിച്ചുവിടൽ ആയിരക്കണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും, നിലവിലെ സാഹചര്യത്തിൽ പുതിയ ജോലി കണ്ടെത്താനും ബുദ്ധിമുട്ടാണ്. എങ്കിലും, കമ്പനിയുടെ ദീർഘകാല വിജയത്തിന് ഈ നീക്കം അനിവാര്യമാണ്, കൂടാതെ പിരിച്ചുവിടൽ പാക്കേജുകളും ജോബ് പ്ലേസ്‌മെന്റ് സേവനങ്ങളും ഉൾപ്പെടെ പിരിച്ചുവിടുന്ന ജീവനക്കാർക്ക് പിന്തുണ നൽകുമെന്നും സക്കർബർഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല