പഠിച്ചു ജോലി വാങ്ങി കുടുംബം പോറ്റാം എന്ന് കരുതുന്നത് ബ്രിട്ടനില്‍ ഇന്ന് മണ്ടത്തരമാണെന്ന് മുന്‍നിരയിലെ ഒരു വ്യവസായസ്ഥാപകന്‍ പറയുന്നു. കാരണം ബിരുദങ്ങള്‍ക്ക് ഇന്ന് യാതൊരു വിലയുമില്ല എന്നത് തന്നെ. ഇന്ന് ബ്രിട്ടണില്‍ നിലവിലുള്ള ഡിഗ്രി കോഴ്സുകള്‍ പലതിനെയും പരിഹാസത്തോടെയാണ് ഇദ്ദേഹം നോക്കി കാണുന്നത്. നൂറു മില്ല്യന്‍ പൌണ്ടിനെക്കാള്‍ സമ്പാദ്യമുള്ള വ്യവസായ പ്രമുഖരില്‍ ഒരാളാണ് സൈമണ്‍ ഡോലന്‍. ഇദ്ദേഹം തന്റെ പതിനാറാം വയസില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു വ്യവസായത്തില്‍ ശ്രദ്ധ പതിപ്പിച്ചു തന്റെതായ പേര് നേടിയെടുക്കുകയായിരുന്നു സൈമണ്‍.
ഇപ്പോള്‍ ഇദ്ദേഹത്തിന് നൂറു മില്ല്യണ്‍ ആസ്തിയുണ്ട്. ഏറ്റവും ധനികരായവരുടെ പട്ടികയില്‍ 703 മത്തെ സ്ഥാനം വരെ ഇദ്ദേഹത്തെ എത്തിച്ചത് ഇദ്ദേഹത്തിന്റെ സ്വന്തം കഴിവ് മാത്രമായിരുന്നു. ഇപ്പോള്‍ വര്ഷം ആയിരം മില്ല്യനിന്റെ ടേണ്‍ ഓവര്‍ ഇദേഹത്തിന്റെ കമ്പനിക്കുണ്ട്. ട്വിറ്റര്‍ ഡ്രാഗന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിനു കീഴില്‍ ഇപ്പോള്‍ 200 ആളുകള്‍ ജോലിയെടുക്കുന്നുണ്ട്. യൂണിവേര്‍സിറ്റി ബിരുദക്കാരെക്കാള്‍ സാധാരണ ചെറുപ്പക്കാര്‍ വിദഗ്ദ്ധമായി ജോലിയെടുക്കും എന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം അനുഭവമാണ് ഇത്തരത്തില്‍ തന്നെ ചിന്തിപ്പിച്ചതും വിജയം നേടുന്നതിനു ബിരുദത്തിന്റെ ആവശ്യമില്ല എന്ന് മനസിലാക്കിയതും.
മിക്കവാറും സ്കൂളുകള്‍ പരീക്ഷ പാസാക്കുവാന്‍ മാത്രമാണ് പരിശീലനം നല്‍കുന്നത് കാര്യങ്ങള്‍ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും പലപ്പോഴും ബിരുദധാരികള്‍ക്ക് കഴിയില്ല. ഡോലന്റെ ആത്മകഥയായ എങ്ങിനെ ബിരുദം ഇല്ലാതെ സമ്പന്നനാകാം എന്ന പുസ്തകത്തിലാണ് ഈ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ ബ്രിട്ടണ്‍ യുവത്വം ജോലിയില്ലാതെ വലയുന്ന കാഴ്ച ഇദ്ദേഹം കാണുന്നുണ്ട്. യൂണിവേഴ്സിറ്റി ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ ഇന്നത്തെ യുവത്വം അങ്കലാപ്പിലാണ്. ഇവര്‍ക്ക് ധൈര്യം പകര്‍ന്നു കൊണ്ടാണ് ഇദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്നടിച്ചത്.
അല്ലെങ്കിലും പഠിച്ചു നേടിയ ജോലി കൊണ്ട് മാത്രം ഇന്ന് സമ്പന്നനാകാം എന്ന് കരുതുന്നവന്‍ മണ്ടനാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ് ഒരിക്കല്‍ പറഞ്ഞു തന്റെ കൂടെ പഠിച്ച, തന്നെക്കാള്‍ പഠിപ്പില്‍ മിടുക്കനായിരുന്ന ആള്‍ ഇന്നൊരു കമ്പനിയില്‍ ഉയര്‍ന്ന പൊസിഷനില്‍ ആണ്, പക്ഷെ താന്‍ ഇന്ന് ആ കമ്പനിയുടെ ഉടമയാണെന്നും. വിദ്യാഭ്യാസം തൊഴില്‍ നേടാന്‍ ആകരുത് പകരം അറിവ് നേടാന്‍ ആകണം എന്നാണ് ഇവരുടെയൊക്കെ ജീവിതം തെളിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല