സ്വന്തം ലേഖകന്‍: ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി തമ്മിലടി അതിരു കടക്കുന്നു, നാണം കെടുത്തരുതെന്ന അപേക്ഷയുമായി ടെന്നീസ് അസോസിയേഷനും മുതിര്‍ന്ന താരങ്ങളും. ഡേവിസ് കപ്പ് ടീം തിരഞ്ഞെടുപ്പിന്റെ പേരില്‍ പേസും ടീമിന്റെ നോണ്‍പ്ലെയിങ് ക്യാപ്റ്റന്‍ ഭൂപതിയും കൊലവിളിയുമായി രംഗത്തിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ബദ്ധശത്രുക്കളായി മാറി.
ഏറ്റവുമൊടുവില്‍ ഡേവിസ് കപ്പ് ടീം തിരഞ്ഞെടുപ്പിന്റെ പേരിലായിരുന്നു ഉടക്ക്. വ്യക്തിവിദ്വേഷത്തിന്റെ പേരില്‍ ഡേവിസ് കപ്പ് ടീമില്‍നിന്ന് തന്നെ ഒഴിവാക്കിയെന്നാണ് പേസ് പറഞ്ഞത്. മത്സരം നടക്കുന്നതിനിടെയായിരുന്നു ഇത്. പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ 27 വര്‍ഷം തികച്ച പേസിന് ഉസ്‌ബെക്കിസ്താനെതിരായ ഡേവിസ് കപ്പ് മത്സരം കളിക്കാന്‍പറ്റാതെ പോയതോടെ റെക്കോഡ് സ്ഥാപിക്കാനുള്ള അവസരം നഷ്ടമായിരുന്നു. വ്യക്തിവിരോധം തീര്‍ക്കാന്‍ ഭൂപതി ശ്രമിച്ചെന്നായിരുന്നു ആരോപണം.
മത്സരത്തിനിടെ ഒന്നും മിണ്ടാതിരുന്ന ഭൂപതി പോരാട്ടം പേസിന്റെ അസാന്നിധ്യത്തില്‍ വിജയകരമായി പൂര്‍ത്തിയായശേഷം ശക്തമായി തിരിച്ചടിച്ചു. വാട്‌സാപ്പിലൂടെ ഇരുവരും കൈമാറിയ സന്ദേശങ്ങള്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇരുവരെയും ഒന്നിച്ചിരുത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയത്.
എന്നാല്‍ ഇരുവരും തമ്മിലുള്ള പോര്‍വിളികള്‍ അതിരുവിട്ടതോടെ അസോസിയേഷനും മുതിര്‍ന്ന താരങ്ങളും തലമുതിര്‍ന്ന പ്രൊഫഷണലുകളായ ഇരുവരും പക്വതയോടെ പെരുമാറണമെന്ന് മുന്നറിയിപ്പു നല്‍കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തി. അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഹിരണ്‍മയ് ചാറ്റര്‍ജിയാണ് ഉപദേശവുമായി രംഗത്തു വന്നത്.
പേസ്, ഭൂപതി സഖ്യം പ്രതാപ കാലത്ത് മൂന്നു ഗ്രാന്‍ഡ്സ്ലാം ഡബ്ള്‍സ് കിരീടങ്ങള്‍ (ഫ്രഞ്ച് ഓപ്പണ്‍ 1999, 2001, വിംബിള്‍ഡണ്‍ 2002) നേടിയിട്ടുണ്ട്. 2004 ആതന്‍സ് ഒളിന്പിക്‌സില്‍ നേരിയ വ്യത്യാസത്തിലാണ് ഇരുവര്‍ക്കും ഒളിമ്പിക് വെങ്കലമെഡല്‍ നഷ്ടമായത്. അഖിലേന്ത്യാ സംഘടനയുടെ നിര്‍ബന്ധത്തിനുവഴങ്ങി പിന്നീടും ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും ഇരുവര്‍ക്കും സഖ്യത്തിന്റെ പഴയ പ്രതാപത്തിനടുത്തു പോലും എത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല