
സ്വന്തം ലേഖകൻ: ലെബനനില്‍ സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാൻഡ്‌ഹെൽഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്.
പേജർ സ്‌ഫോടനത്തിൽ ഏകദേശം 2,800 പേർക്ക് പരിക്കേറ്റതായും അവരിൽ 200-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പേജർ സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഹിസ്ബുല്ല സമീപകാലത്തു നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് ഈ ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ ഹിസ്ബുല്ലയുമായി നിരന്തര സംഘർഷത്തിലാണ് ഇസ്രയേൽ. ഇതുമൂലം അതിർത്തിപ്രദേശങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ഇസ്രയേലുകാരെ തിരിച്ചെത്തിക്കാനുള്ള പുതിയ ലക്ഷ്യം കൂടി യുദ്ധത്തിനുണ്ടെന്ന സുരക്ഷാ കാബിനറ്റ് തീരുമാനത്തിനു പിന്നാലെയാണു പേജർ സ്ഫോടനങ്ങൾ.
ഹിസ്ബുല്ല പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയത്തിനു പുറമേ ഹിസ്ബുല്ലയുടെ ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങളിലും പേജർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പുതിയ പേജർ ലഭിച്ച എല്ലാ പ്രവർത്തകരോടും അത് ഉപേക്ഷിക്കാൻ ഹിസ്ബുല്ല നിർദേശം നൽകി. ലബനനിലെ യുഎൻ സന്നദ്ധസേനാംഗങ്ങളോടും വയർലെസ് സെറ്റുകളിലെ ബാറ്ററി നീക്കം ചെയ്യാൻ അധികൃതർ നിർദേശിച്ചു.
ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ ചെയ്തതിനുള്ള ശിക്ഷ അനുഭവിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സുരക്ഷ ശക്തമാക്കിയെന്നും ഇസ്രയേൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല