സ്വന്തം ലേഖകൻ: ലീഡ്‌സിനെ ഞെട്ടിച്ചു കലാപം പൊട്ടിപ്പുറപ്പെട്ടു. രണ്ടു വിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് ഏറ്റുമുട്ടലായും കലാപമായും മാറുകയായിരുന്നു. ജനക്കൂട്ടം ഡബിള്‍ ഡെക്കര്‍ ബസിന് തീയിടുകയും, പോലീസ് കാര്‍ മറിച്ചിട്ടു തകര്‍ക്കുകയും ചെയ്തു. തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ലീഡ്‌സില്‍ നൂറുകണക്കിന് പേര്‍ തെമ്മാടിക്കൂട്ടങ്ങളായി മാറിയത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ഏജന്‍സി ജോലിക്കാരും, ചില കുട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച് പോലീസ് എത്തിയതോടെയാണ് കലാപത്തിന് തുടക്കമാകുന്നത്.
രാത്രിയോടെ പല ഭാഗത്തും തീയിടല്‍ വ്യാപകമായി. നൂറുകണക്കിന് പേര്‍ അക്രമം കാണാന്‍ തെരുവിലിറങ്ങി. കുട്ടികളുടെ സ്‌കൂട്ടര്‍ ഉപയോഗിച്ച് അക്രമികള്‍ പോലീസ് കാര്‍ അടിച്ച് തകര്‍ക്കുകയും ചിലര്‍ ഇത് മറിച്ചിടുകയും ചെയ്തു. ജനക്കൂട്ടം ഒഴുകിയെത്തിയതോടെ പോലീസുകാരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി.
ഓഫീസര്‍മാര്‍ കാറിനുള്ളില്‍ ഇരിക്കവെയായിരുന്നു അക്രമികള്‍ വാഹനത്തെ അക്രമിച്ചത്. ഇതേ സമയത്ത് മറ്റൊരു സ്ഥലത്തും തീവെപ്പും, അക്രമവും പടര്‍ന്നു. ഇതോടെ നിയന്ത്രണത്തിനായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമങ്ങള്‍ അര്‍ധരാത്രിയും തുടര്‍ന്നെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് വക്താവ് വെളിപ്പെടുത്തി.
അക്രമങ്ങളില്‍ ഇതുവരെ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലീഡ്‌സിലെ അക്രമസംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പ്രതികരിച്ചു. ലീഡ്‌സിലെ പുതിയ പ്രശ്‌നം സാമൂഹിക സംഘര്‍ഷം ആളിപ്പടര്‍ത്താനായി ഉപയോഗിക്കുന്നവര്‍ ഒരുവട്ടം കൂടി ചിന്തിക്കണമെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ മേയര്‍ ട്രേസ് ബ്രാബിന്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല